ഹൈദരാബാദ്: ജനപ്രിയ ആപ്പായ വാട്‌സ്‌ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് എത്താറുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള അപ്‌ഡേഷനുകൾ നടത്തി കൂടുതൽ ജനപ്രിയമാകുകയാണ് വാട്‌സ്‌ആപ്പ്. സ്റ്റാറ്റസ് വെയ്‌ക്കുമ്പോൾ മറ്റുള്ളവരെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ് ഇപ്പോൾ.
സ്‌റ്റാറ്റസ് വെയ്‌ക്കുമ്പോൾ മെൻഷൻ ചെയ്യാവുന്ന ഇൻസ്റ്റാഗ്രാമിന് സമാനമായ ഫീച്ചറാണ് പുതുതായി വരാൻ പോകുന്നത്. പുതിയ ഫീച്ചർ വഴി വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് വെയ്‌ക്കുമ്പോൾ കോൺടാക്‌റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാനും സാധിക്കും. ആരെയാണോ ടാഗ് ചെയ്യുന്നത്, അവർക്ക് നോട്ടിഫിക്കേഷനും ലഭിക്കുകയും, സ്റ്റാറ്റസ് ഷെയർ ചെയ്യാൻ കഴിയുകയും ചെയ്യും.
പ്രൈവസിയെ ബാധിക്കുമോ?
പുതിയ ഫീച്ചറിനെ കുറിച്ച് വാട്‌സ്‌ആപ്പ് ഉപയോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള സംശയം എന്തെന്നാൽ, ടാഗ് ചെയ്‌ത ആൾ സ്റ്റാറ്റസ് ഷെയർ ചെയ്യുമ്പോൾ, ആദ്യം സ്റ്റാറ്റസ് ഇട്ടയാളുടെ പ്രൈവസിയെ ബാധിക്കുമോ എന്നതാണ്. ക്രിയേറ്ററുടെ ഐഡന്‍റിറ്റി സംരക്ഷിക്കപ്പെടുമെന്നും, ടാഗ് ചെയ്‌ത സ്റ്റാറ്റസ് ഷെയർ ചെയ്‌തയാളുടെ കോൺടാക്‌റ്റ് ലിസ്റ്റിലുള്ളവർക്ക് ക്രിയേറ്ററുമായി ബന്ധപ്പെടാനാകില്ലെന്നുമാണ് വാട്‌സ്‌ആപ്പ് പറയുന്നത്.