ഹൈദരാബാദ്: വരുന്ന മാർച്ച് മാസത്തോടെ രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനിരിക്കുകയാണ് വോഡഫോൺ ഐഡിയ. രാജ്യത്തെ 75 നഗരങ്ങളിൽ 5ജി ആരംഭിക്കാനിരിക്കെ ഉപയോക്താക്കളെ തിരിച്ചുപിടിക്കാനായി കമ്പനി തുടക്കത്തിൽ വലിയ ഡിസ്‌കൗണ്ടുകൾ വാഗ്‌ദാനം ചെയ്‌തേക്കുമെന്നാണ് സൂചന. തങ്ങളുടെ എൻട്രി ലെവൽ 5ജി പ്ലാനുകൾ ജിയോ, എയർടെൽ പ്ലാനുകളേക്കാൾ 15 ശതമാനം വരെ വിലക്കുറവിൽ വിഐ നൽകുമെന്നാണ് വിവരം.
കുറഞ്ഞ ചെലവിലുള്ള പ്ലാനുകളുമായി 5G ബ്രോഡ്‌ബാൻഡ് വിപണിയിലേക്ക് പ്രവേശിക്കുന്ന വിഐ 17 മുൻഗണനാ സർക്കിളുകളിൽ വരുന്ന 75 നഗരങ്ങളിലാണ് ആദ്യം 5ജി സർവീസ് ആരംഭിക്കുക. ഉയർന്ന ഡാറ്റ ഉപഭോഗം നടക്കുന്നയിടങ്ങളിലായിരിക്കും സർവീസ്. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. വില കുറഞ്ഞ പ്ലാനുകൾ കൊണ്ടുവരുന്നതിലൂടെ എയർടെൽ, ജിയോ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് വിഐയുടെ ലക്ഷ്യം.
വിഐയുടെ എൻട്രി ലെവൽ 5G പ്ലാനുകൾ 15 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്നതോടെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾക്കിടയിലും വലിയ മത്സരം നടക്കും. വിഐ 5ജി പ്ലാനുകളുടെ അന്തിമ വില ലോഞ്ച് ചെയ്യുന്ന സമയത്ത് തീരുമാനിക്കുമെന്ന് സിഇഒ അക്ഷയ് മോന്ദ്ര അടുത്തിടെ പറഞ്ഞിരുന്നു.
വോഡഫോൺ-ഐഡിയ തങ്ങളുടെ 4ജി, 5ജി നെറ്റ്‌വർക്കുകളുടെ നവീകരണത്തിനായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നീ കമ്പനികളുമായി അടുത്തിടെ 30,000 കോടിയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ 75,000 5ജി ബേസ് സ്റ്റേഷനുകൾ തുടങ്ങാനാണ് വിഐയുടെ പദ്ധതി. ഇതിനായി 3.5 GHz, 1,800 MHz സ്പെക്ട്രം ബാൻഡുകൾ ആയിരിക്കും ഉപയോഗിക്കുക.
വിഐസൗജന്യ 5G സേവനം നൽകുമോ?
2024 സെപ്റ്റംബറിലെ കണക്കുകളനുസരിച്ച്, ജിയോയ്ക്ക് 148 ദശലക്ഷവും എയർടെലിന് 105 ദശലക്ഷവും 5 ജി ഉപയോക്താക്കളുണ്ട്. ഇതിൽ എത്ര പേർ വിഐ സേവനത്തിലേക്ക് മാറുമെന്നതിനെ അനുസരിച്ചായിരിക്കും വിഐയുടെ 5ജി സേവനത്തിന്‍റെ വിജയം. ജിയോയും എയർടെലും ഉപയോക്താക്കൾക്ക് മാസങ്ങളോളം സൗജന്യ 5G സേവനം ട്രയലായി നൽകിയിട്ടുണ്ട്. വിഐയും ഇതുപോലെ ഉപയോക്താക്കൾക്ക് സൗജന്യ 5G സേവനം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.
Also Read:
- വോഡഫോൺ ഐഡിയ ഉപഭോക്താവാണോ? 17 നഗരങ്ങളിൽ 5G എത്തി: കേരളത്തിൽ എവിടെ ലഭ്യമാവും?
- ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! 200 ദിവസത്തെ വാലിഡിറ്റിയിൽ ന്യൂയർ വെൽക്കം പ്ലാൻ; ഓഫർ പരിമിത കാലത്തേക്ക്
- 30 മിനിറ്റിനുള്ളിൽ ഡെലിവറി: ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുമായി മിന്ത്ര
- ഫ്ലിപ്‌കാർട്ടിൽ ഓർഡർ ക്യാൻസൽ ചെയ്‌താൽ പണികിട്ടും: ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ