ബെംഗളൂരു:ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പ്രത്യേക സൗകര്യങ്ങളുമായിവന്ദേ ഭാരത്സ്ലീപ്പർ കോച്ച് വരുന്നു. കുളിക്കാനായി ഷവർ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത്സ്ലീപ്പർ കോച്ച് യാത്രക്കാരിലേക്കെത്തുക. കൂടുതൽ പരിശോധനകൾക്ക് വിധേയമായതിന് ശേഷമായിരിക്കും ട്രാക്കിലിറങ്ങുക. വന്ദേ ഭാരത്സ്ലീപ്പർ ട്രെയിനിന്‍റെ കൂടുതൽ സവിശേഷതകൾ അറിയാം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സവിശേഷതകൾ:
വന്ദേഭാരത് സ്ലീപ്പർ കോച്ച് (Ministry of Railways) ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്‌ത വന്ദേ ഭാരത്സ്ലീപ്പർ ട്രെയിനിൽ സിസിടിവി ക്യാമറകൾ, അഗ്നിശമന സംവിധാനം അടക്കമുള്ളവയുണ്ട്. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ സെമി-ഹൈ സ്‌പീഡ് ട്രെയിൻ നിർമിച്ചിരിക്കുന്നത് ബെംഗളൂരുവിലെ ബിഇഎംഎൽ റെയിൽ കോച്ച് ഫാക്‌ടറിയിലാണ്. ട്രെയിൻ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളോടെയാണ് നിർമാണം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ യാത്രക്കാർക്ക് കുളിക്കുന്നതിനായി ഹീറ്റർ, ഷവർ സംവിധാനം ഉണ്ട്. വികലാംഗരായ യാത്രക്കാർക്കായി പ്രത്യേക ബർത്തുകളും ടോയ്‌ലറ്റുകളും ഉണ്ട്. ശൗചാലയത്തിൽ നിന്നും ദുർഗന്ധം വരാതിരിക്കാൻ സംവിധാനമുണ്ട്. ലഗേജുകൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ലോക്കോ പൈലറ്റിന് വേണ്ടിയുള്ള ടോയ്‌ലറ്റും ലോക്കോ ക്യാബിൽ തന്നെയുണ്ട്.
രാജധാനി എക്‌സ്‌പ്രസിനേക്കാൾ മികച്ച സൗകര്യങ്ങളുള്ള ട്രെയിനിന്‍റെ ആദ്യ മോഡലിൽ ആകെ 16 കോച്ചുകളുണ്ടാകും. 11 എസി ത്രീ ടയർ കോച്ചുകളും 4 എസി ടു ടയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുകളുമുണ്ടാകും. രണ്ട് എസ്‌എൽആർ കമ്പാർട്ടുമെൻ്റുകളും ഉണ്ട്. 16 കോച്ചുകളുള്ള ട്രെയിനിൽ ആകെ 823 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എസി ത്രീ ടയറിൽ 611 ബർത്തുകളും എസി ടു ടയറിൽ 188 ബെർത്തുകളും എസി ഫസ്റ്റ് ക്ലാസിൽ 24 ബർത്തുകളുമുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ ടോയ്‌ലറ്റ് (Ashwini Vaishaw official X account) ഓൺ ബോർഡ് സൗകര്യങ്ങൾ: ട്രെയിനിൽ സുഖപ്രദമായ ബർത്തുകൾ, വൃത്തിയുള്ളതും ആധുനികവുമായ ടോയ്‌ലറ്റുകൾ, അതിവേഗ വൈഫൈ, റീഡിങ് ലാമ്പുകൾ, അതിവേഗ മൊബൈൽ ചാർജിങ് പോയിൻ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
വന്ദേ ഭാരത് സ്ലീപ്പർ കോച്ചിലെ സൗകര്യങ്ങൾ (Ashwini Vaishaw official X account) ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ: ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ആധുനികവും സൗകര്യപ്രദവുമായ ട്രെയിനാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ. ദീർഘദൂര യാത്രകൾ സുഖകരവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. അടുത്ത രണ്ട് മാസത്തിനുള്ളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് രാജധാനി എക്‌സ്‌പ്രസിനേക്കാളും തേജസ് എക്‌സ്‌പ്രസിനേക്കാളും ശതാബ്‌ദി എക്‌സ്‌പ്രസിനേക്കാളും വേഗതയുണ്ട്. സമയവും കാര്യക്ഷമതയും കണക്കിലെടുത്തായിരിക്കും ട്രെയിനിന്‍റെ പ്രവർത്തനം. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലായിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ.
റീഡിങ് ലാമ്പും മറ്റ് സൗകര്യങ്ങളും (Social media) കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്‌താവന: "വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സാങ്കേതിക ജോലികൾ അവസാന ഘട്ടത്തിലാണ്. ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡ് നിർമ്മിച്ച ട്രെയിനിന്‍റെ കോച്ചും, ക്രാഷ് ബഫറുകളും കപ്ലറുകളും ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ഓസ്റ്റെനിറ്റിക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ആദ്യ ട്രെയിൻ ട്രാക്കിലെത്തും."
കൂടുതൽ വാർത്തകൾക്കായി ഇടിവി ഭാരത് കേരളയുടെ വാട്ട്‌സ്‌ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻഇവിടെ ക്ലിക്ക് ചെയ്യുക
Also Read: മലയാളികള്‍ക്കും സന്തോഷിക്കാം..., നാഗര്‍കോവില്‍, മധുര എന്നിവിടങ്ങളില്‍ നിന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍; ഉദ്‌ഘാടനം ഓഗസ്‌റ്റ് 31-ന്