ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണ് അഗ്നിബാൻ. കഴിഞ്ഞ മെയ് 30നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് അഗ്നിബാൻ വിക്ഷേപിച്ചത്. പൂർണമായും തദ്ദേശീയമായി നിർമിച്ച ഈ റോക്കറ്റിന് മറ്റു പല പ്രത്യേകതകളുമുണ്ട്. 3D പ്രിന്‍റിങ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ റോക്കറ്റും സെമി ക്രയോജെനിക് എഞ്ചിൻ ഉപയോഗിച്ചിട്ടുള്ള ഇന്ത്യയുടെ ആദ്യ റോക്കറ്റുമാണ് അഗ്നിബാൻ. 3D പ്രിന്‍റിങ് ഉപയോഗിച്ചുള്ള ഈ പരീക്ഷണം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവും സമയവും കുറയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
വൈദ്യശാസ്‌ത്രം, നിർമ്മാണം, ഫാഷൻ തുടങ്ങി നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ 3D പ്രിന്‍റിങ് ബഹിരാകാശ പരീക്ഷണങ്ങളിൽ ഉപയോഗിച്ച് നോക്കാമെന്ന റോക്കറ്റ് രൂപകല്‍പന ചെയ്‌ത അഗ്നികുൽ കോസ്‌മോസ് എയ്‌റോസ്‌പേസിന്‍റെ ചിന്തയാണ് 3D പ്രിന്‍റഡ് സെമി ക്രയോജെനിക് എഞ്ചിൻ ഉപയോഗിച്ചിട്ടുള്ള റോക്കറ്റിനു പിന്നിൽ. പരമ്പരാഗത റോക്കറ്റുകളെ അപേക്ഷിച്ച് 3D പ്രിന്‍റഡ് റോക്കറ്റുകൾക്ക് ധാരാളം ഗുണങ്ങളുണ്ട്. സാധാരണ പന്ത്രണ്ട് ആഴ്‌ചകൾ കൊണ്ട് നിർമിക്കുന്ന ഒരു റോക്കറ്റ് 3D പ്രിന്‍റിങ് ഉപയോഗിച്ച് 75 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനാകും. എന്നുവെച്ചാൽ ഒരു റോക്കറ്റ് നിർമാണത്തിൽ സാധാരണ എടുക്കുന്ന സമയത്തിന്‍റെയും ചെലവിന്‍റെയും 60 ശതമാനം കുറവ് വരുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇത് ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കു വഹിക്കും.
അഗ്നിബാനിന്‍റെ വിക്ഷേപണത്തിൽ രണ്ട് യുവതികളും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഉമാമഹേശ്വരി, ശരണിയ പെരിയസ്വാമി എന്നിവരാണ് അവർ. ഐഐടി മദ്രാസിൻ്റെ മാർഗനിർദേശപ്രകാരം വികസിപ്പിച്ച ഈ റോക്കറ്റിന്‍റെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു ചെന്നൈ സ്വദേശിനിയായ ഉമാമഹേശ്വരി. പദ്ധതിയുടെ വെഹിക്കിൾ ഡയറക്‌ടറായി പ്രവർത്തിച്ചത് പോർട്ട് ബ്ലെയറിൽ നിന്നുള്ള ശരണിയ പെരിയസ്വാമി ആണ്.
മദ്രാസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയറോനോട്ടിക്‌സിൽ ബിടെക് ബിരുദധാരിയാണ് ഉമാമഹേശ്വരി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ലബോറട്ടറിയിലും (ഡിആർഡിഎൽ) ബഹിരാകാശ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും ഇവർ പരിശീലനം നേടിയിട്ടുണ്ട്.ർ