ഹൈദരാബാദ് : ഭൂമിയിലേക്ക് അസാധാരണമായ ഒരു അതിശക്ത സൗരോർജ കൊടുങ്കാറ്റ് (സൂര്യന്‍റെ അന്തരാക്ഷത്തില്‍ നടക്കുന്ന സ്‌ഫോടനം) എത്തുന്നതായി മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ യുഎസിന്‍റെ വടക്കൻ മേഖലയില്‍ സൗരോര്‍ജ കൊടുങ്കാറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയേയും ആശയ വിനിമയ സംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന പ്രതിഭാസമാണ് സൗരോര്‍ജ കൊടുങ്കാറ്റ്.
പ്രതീക്ഷിച്ചതിലും മണിക്കൂറുകൾക്ക് മുമ്പ്, വെള്ളിയാഴ്‌ച ഉച്ചയ്ക്ക് സൗരപ്രവാഹം ഭൂമിയിൽ എത്തിയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്‌മിനിസ്ട്രേഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ഈ അപൂർവ ഭൂകാന്തിക കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതങ്ങള്‍ വാരാന്ത്യത്തിലും അടുത്ത ആഴ്‌ച വരെയും നീണ്ടു നിൽക്കും.
ഭ്രമണപഥത്തിലെ പവർ പ്ലാൻ്റുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഓപ്പറേറ്റർമാരോട് മുൻകരുതലുകൾ എടുക്കാൻ NOAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിക്കും ഭൂമിയിലെ ഭൂരിഭാഗം ആളുകൾക്കും ഒന്നും ചെയ്യേണ്ടതില്ല. സൗരോര്‍ജ കൊടുങ്കാറ്റ് മൂലം യുഎസിലെ അലബാമ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങളില്‍ നോര്‍ത്തേണ്‍ ലൈറ്റ്സ് ദൃശ്യമാകുമെന്ന് NOAA യുടെ ബഹിരാകാശ കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റോബ് സ്റ്റീൻബർഗ് പറഞ്ഞു. മികച്ച ഫോൺ ക്യാമറകളിലൂടെ അറോറ കാഴ്‌ചകൾ മനോഹരമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1859-ൽ ഉണ്ടായ, ചരിത്രത്തിലെ ഏറ്റവും തീവ്രമായ സോളാർ കൊടുങ്കാറ്റ്, മധ്യ അമേരിക്കയിലും ഹവായിയിലും ഇത്തരം അറോറകളെ ദൃശ്യമാക്കിയിരുന്നു. അത്ര തീവ്രമല്ലെങ്കില്‍ കൂടി അറോറ അടുത്ത് തന്നെ വരുമെന്ന് NOAA ബഹിരാകാശ കാലാവസ്ഥ പ്രവചകൻ ഷോൺ ഡാൽ പറഞ്ഞു. ഉയർന്ന വോൾട്ടേജ് ട്രാൻസ്‌മിഷൻ ലൈനുകൾക്ക് ഈ കൊടുങ്കാറ്റ് അപകട സാധ്യത സൃഷ്‌ടിക്കുന്നതാണെന്നും ഡാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇത് ഉപഗ്രഹങ്ങളെയും ബാധിച്ചേക്കാം. ഭൂമിയിലെ നാവിഗേഷൻ, ആശയവിനിമയ സംവിധാനം എന്നിവയെ ഒക്കെ സൗരോര്‍ജ കൊടുങ്കാറ്റ് തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. 2003-ൽ ഉണ്ടായ ഒരു തീവ്ര ഭൂകാന്തിക കൊടുങ്കാറ്റ് സ്വീഡനിലെ വൈദ്യുതിയെ ബാധിക്കുകയും ദക്ഷിണാഫ്രിക്കയിലെ പവർ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. കൊടുങ്കാറ്റ് അവസാനിച്ചാലും ജിപിഎസ് ഉപഗ്രഹങ്ങളും ഗ്രൗണ്ട് റിസീവറുകളും തമ്മിലുള്ള സിഗ്നലുകൾ സ്ക്രാംബിൾ ചെയ്യപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്തേക്കാമെന്നും NOAA പറയുന്നു.
ബുധനാഴ്‌ച മുതൽ സൂര്യൻ ശക്തമായ സൗരജ്വാലകളാണ് സൃഷ്‌ടിക്കുന്നതെന്ന് ശാസ്‌ത്ര ലോകം പറയുന്നു. ഇതിൻ്റെ ഫലമായി കുറഞ്ഞത് ഏഴ് പ്ലാസ്‌മ എങ്കിലും പൊട്ടിത്തെറിച്ചിട്ടുണ്ട്. കൊറോണൽ മാസ് ഇജക്ഷൻ എന്നറിയപ്പെടുന്ന ഓരോ സ്ഫോടനത്തിലും സൂര്യൻ്റെ ബാഹ്യ അന്തരീക്ഷത്തിൽ നിന്നോ കൊറോണയിൽ നിന്നോ കോടിക്കണക്കിന് ടൺ പ്ലാസ്‌മയും കാന്തിക വലയവും പുറത്ത് വിടുന്നുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് കൊടുങ്കാറ്റ് ഗുരുതരമായ ഭീഷണി ഉയർത്തിയിട്ടില്ലെന്ന് നാസ അറിയിച്ചു. റേഡിയേഷൻ ലെവലുകൾ വർധിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. ആവശ്യമെങ്കിൽ സ്റ്റേഷന്‍റെ മികച്ച കവചമുള്ള ഭാഗത്തേക്ക് ക്രൂവിന് മാറാൻ കഴിയുമെന്നും സ്റ്റീൻബർഗ് പറഞ്ഞു.
കനത്ത വികിരണം നാസയുടെ ചില ശാസ്ത്ര ഉപഗ്രഹങ്ങൾക്കും ഭീഷണി സൃഷ്‌ടിക്കാന്‍ ഇടയുണ്ട്. കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ആവശ്യമെങ്കിൽ അതീവ സെൻസിറ്റീവ് ഉപകരണങ്ങൾ ഓഫ് ചെയ്യുമെന്നും ബഹിരാകാശ ഏജൻസിയുടെ ഹീലിയോഫിസിക്‌സ് സയൻസ് ഡിവിഷൻ ഡയറക്‌ടർ ആൻ്റി പുൾക്കിനൻ അറിയിച്ചു. സൂര്യനെ കേന്ദ്രീകരിച്ചുള്ള നിരവധി ബഹിരാകാശ വാഹനങ്ങൾ ഈ പ്രതിഭാസം നിരീക്ഷിച്ച് വരികയാണെന്നും പുൾക്കിനൻ പറഞ്ഞു.
Also Read :സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്; യാത്ര ബോയിങ്ങിന്‍റെ സ്റ്റാര്‍ ലൈനറില്‍ - Sunita Williams To Space Again