ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ പര്യവേക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച 'മത്സ്യ 6000' പേടകം സുരക്ഷ പരിശോധന വിജയകരമായി പൂർത്തിയാക്കി. സമുദ്രത്തെ കുറിച്ച് പഠിക്കാനുള്ള സുപ്രധാന ദൗത്യമായ 'സമുദ്രയാൻ' മിഷനിൽ മത്സ്യ 6000 പേടകത്തിലായിരിക്കും മൂന്ന് പേരെ കടലിനുള്ളിലേക്ക് അയക്കുക. പേടകത്തിന്‍റെ മൊഡ്യൂളിനുള്ളിലെ ഹ്യൂമൻ സപ്പോർട്ട് ആൻഡ് സേഫ്റ്റി സിസ്റ്റത്തിനായുള്ള (HS3) ഫാക്‌ടറി സ്വീകാര്യത ടെസ്റ്റാണ് വിജയകരമായി പൂർത്തിയാക്കിയത്.
ആഴക്കടലിലേക്ക് മനുഷ്യനെ വഹിച്ചു പോകുന്ന ദൗത്യത്തിൽ നിർണായകമാണ് ഈ സുരക്ഷാ പരിശോധന. പേടകത്തിൽ സഞ്ചരിക്കുന്നവർക്ക് സാധാരണമായ സാഹചര്യത്തിൽ 12 മണിക്കൂർ വരെയും അടിയന്തര സാഹചര്യങ്ങളിൽ 96 മണിക്കൂർ വരെയും സുരക്ഷയും പിന്തുണയും നൽകുന്ന രീതിയിലാണ് HS3 സംവിധാനം രൂപകൽപ്പന ചെയ്‌തത്. നിയന്ത്രിത ഓക്‌സിജൻ ഇഞ്ചക്ഷൻ സിസ്റ്റം, കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം, സെൻസറുകൾ, കൺട്രോൾ ഹാർഡ്‌വെയർ, അഗ്നി നിരീക്ഷണം, എക്‌സ്‌റ്റിംഗുഷറുകൾ എന്നിങ്ങനെ നിരവധി സുരക്ഷ എന്നീ നിരവധി ഫീച്ചറുകളോടെയാണ് ഹ്യൂമൻ സപ്പോർട്ട് ആൻഡ് സേഫ്റ്റി സിസ്റ്റം നിർമ്മിച്ചിരിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയും ഭൗമശാസ്‌ത്ര മന്ത്രാലയവുമാണ് ദൗത്യത്തിന് പിന്നിൽ. സമുദ്രയാൻ ദൗത്യത്തിനായി വികസിപ്പിച്ച മത്സ്യ 6000 പേടകത്തിന് ഏകദേശം 6.6 മീറ്റർ നീളവും, 210 ടൺ ഭാരവും ഉണ്ട്. പേടകത്തിന് സമുദ്രത്തിനടിയിൽ 6,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കാനാകും. ആഴക്കടലിലെ ചുറ്റുപാടുകളെ കുറിച്ചുള്ള പഠനത്തിൽ സമുദ്രയാൻ ദൗത്യം നിർണായകമാകും.