ഹൈദരാബാദ്: മനുഷ്യ ബുദ്ധിയോട് സമാനമായ പുതിയ പതിപ്പിലേക്ക് കാലെടുത്ത് വെച്ച് ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളായ ചാറ്റ്ജിപിടി. ജിപിടി-4ഒ- എന്ന ഏറ്റവും പുതിയ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ഉപയോഗിക്കാം. ചാറ്റ് ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ജെമിനിയുടെ അപ്‌ഡേറ്റ് വരുന്നതിന് ഒരു ദിവസം മുമ്പാണ് ഓപ്പണ്‍ എഐ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത് എന്നും ശ്രദ്ധേയമാണ്.
ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ ഇംഗ്ലീഷിലും കോഡിങ്ങിലും മികച്ച ടർബോ പ്രകടനം കാഴ്‌ചവെക്കുമെന്ന് കമ്പനി പറയുന്നു. ഇംഗ്ലീഷ് ഇതര ഭാഷകളിലെ ടെക്‌സ്‌റ്റിലും കാര്യമായ പുരോഗതി കമ്പനി കൊണ്ടുവന്നിട്ടുണ്ട്. നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് ജിപിടി-4-ഒ കാഴ്‌ചകള്‍ ഗ്രഹിക്കുന്നതിലും ഓഡിയോ മനസിലാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. താരതമ്യേന കൂടിയ വേഗതയും ജിപിടി-4-ഒയുടെ സവിശേഷതയാണ്.
ടെക്‌സ്‌റ്റ്, വിഷൻ, ഓഡിയോ എന്നിവയെ എല്ലാം പുതിയ മോഡൽ എൻഡ്-ടു-എൻഡ് സംവിധാനത്തിലാണ് ജിപിടി-4ഒ യില്‍ പ്രോഗ്രാം ചെയ്‌തിരിക്കുന്നത്. അതായത് എല്ലാ ഇൻപുട്ടുകളും ഔട്ട്‌പുട്ടുകളും ഒരേ ന്യൂറൽ നെറ്റ്‌വർക്ക് തന്നെ പ്രോസസ് ചെയ്യും. ചീഫ് ടെക്നോളജി ഓഫീസർ മീരാ മുറാട്ടിയും മറ്റ് എക്‌സിക്യൂട്ടീവുകളുമായി നടത്തിയ ഡെമോണ്‍സ്‌ട്രേഷനില്‍ എഐ ബോട്ട് തത്സമയം ചാറ്റ് ചെയ്‌തു.