കാസർകോട്: അർജുനിന്‍റെ ലോറി കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് ഒരു സന്ദേശം വന്നു. റിട്ട. ഇന്ത്യൻ ആർമി മേജർ ജനറൽ എം. ഇന്ദ്രബാലന്‍റെ വാട്‌സ്‌ആപ്പ് മെസേജ് ആയിരുന്നു അത്. ഉച്ചയ്ക്ക് 2.31 ന് "Hold your breath!! Just turn your camera on dredger".. പിന്നാലെ ആ വാർത്തയും എത്തി. അർജുനിന്‍റെ ലോറി കണ്ടെത്തിരിക്കുന്നു. ക്യാബിനിൽ ഒരു മൃതദേഹവും. ഇന്ദ്രബാലന്‍റെ മെസേജ് പോലെ തന്നെ മലയാളികൾ ശ്വാസം അടക്കി നിന്ന നിമിഷമായിരുന്നു അത്.
ഷിരൂർ ദൗത്യത്തിലും വിജയത്തിലും ഇന്ദ്രബാലന്‍റെ സംഘവും, ക്വിക്ക് പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഡോബ് ഡ്രോണും നിർണായക പങ്കാണ് വഹിച്ചത്. 20 അടി താഴ്‌ചയിലുള്ള വസ്‌തുക്കൾ കണ്ടെത്താൻ ശേഷിയുള്ള ഐബോഡ് ഡ്രോൺ മനുഷ്യജീവന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന തെർമൽ ക്യാമറ, ട്രാൻസ് റെസീവർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയുള്ളതാണ്.
ജൂലൈ 16നാണ് മണ്ണിടിച്ചിൽ നടന്നത്. ജൂലൈ 25ന് ഇന്ദ്രപാലനും സംഘവും ഗംഗാവലി നദിയിൽ പരിശോധന നടത്തിയിരിന്നു. അർജുന്‍റെ ലോറിയുണ്ടാവാൻ സാധ്യതയുള്ള നാല് സ്ഥലങ്ങൾ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം അടയാളപ്പെടുത്തി നൽകിയിരുന്നു. ശേഷം ജൂലൈ 28ന് സംഘം മടങ്ങി. പിന്നീട് ദിവസങ്ങൾക്ക് മുമ്പ് തിരച്ചിൽ പുനരാരംഭിച്ച ശേഷമാണ് ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം വീണ്ടുമെത്തുന്നത്. തുടർന്ന് ഐബോഡ് ഉപയോഗിച്ച് ലോറിയുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ വീണ്ടും അടയാളപ്പെടുത്തിയിരുന്നു. അത് കൃത്യമായിരുന്നെന്ന് ബുധനാഴ്‌ച (സെപ്‌റ്റംബർ 25) വ്യക്തമായി.
റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഐബോഡ് വഴി മണ്ണിലും വെള്ളത്തിലും മഞ്ഞിലും 20 അടി ആഴത്തില്‍ പുതഞ്ഞ് പോയ വസ്‌തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുമെന്നാണ് 'ക്വിക് പേ' കമ്പനി അവകാശപ്പെടുന്നത്. അർജുൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ തന്‍റെ അനുഭവങ്ങളും, ദൗത്യത്തിൽ നേരിട്ട വെല്ലുവിളികളും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്‌ക്കുന്നു.
എന്താണ് ഐഡോബ് ഡ്രോൺ?
"ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചിലിൽ സെന്യവും മറ്റ് പ്രവർത്തകരും ചേർന്ന് പരിശ്രമിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് അർജുനിന്‍റെ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താനായി കർണാടക സർക്കാരും കാർവാർ ഡിസിയും ഞങ്ങളെ സമീപിക്കുന്നത്. അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സംവിധാനമാണ് 'ഐബോഡ്'. റേഡീയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഐബോഡ് ഡ്രോൺ പ്രവർത്തിക്കുന്നത്. തെരച്ചിൽ നടത്തേണ്ടയിടത്തേക്ക് ഐബോഡ് ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ട്രാൻസ്‌റെസീവറിൽ നിന്നും റേഡിയോ തരംഗങ്ങളെ അയച്ച്, അവയിൽ നിന്നും പ്രതിഫലിക്കുന്ന തരംഗങ്ങൾ തിരിച്ച് ട്രാൻസ്‌റെസീവറിലേക്ക് അയച്ച്, ലഭിക്കുന്ന സിഗ്‌നലുകളെ വിശകലനം ചെയ്‌താണ് ഐബോഡ് ഡ്രോൺ പ്രവർത്തിക്കുന്നത്.
മണ്ണിലും വെള്ളത്തിനടിയിലും എത്ര ആഴമുള്ള സ്ഥലങ്ങളിലെയും വസ്‌തുവിനെയും കണ്ടെത്താൻ കഴിയുമെന്നതാണ് ഐബോഡ് ഡ്രോണിന്‍റെ പ്രത്യേകത. റേഡിയോ ഫ്രീക്വന്‍സിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ലഭിക്കുന്ന തരംഗങ്ങളെ ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും മറ്റ് ടെക്‌നോളജികളുടെയും സഹായത്തോടെയാണ് വിശകലനം ചെയ്യുന്നത്. എത്ര ആഴമുള്ള സ്ഥലങ്ങളിലെ വസ്‌തുവിനെയും കണ്ടെത്താനും, അതിന്‍റെ വലിപ്പവും ഗതിയും അടക്കമുള്ള സവിശേഷതകൾ തിരിച്ചറിയാനും ഐബോഡുകള്‍ക്ക് സാധിക്കും."- ഇന്ദ്രബാലന്‍ പറഞ്ഞതിങ്ങനെ.
അർജുൻ രക്ഷാദൗത്യത്തിൽ ഐബോഡ് ഉപയോഗിച്ചതെങ്ങനെ?
"രക്ഷാദൗത്യത്തിൽ അർജുന്‍റെ ലോറി എവിടെയെന്ന് കണ്ടെത്താൻ ഐബോഡ് ഡ്രോൺ സാങ്കേതികവിദ്യയല്ലാതെ മറ്റൊന്നും ഇന്ത്യയിലില്ല. ഒരു മീറ്റർ വരെ ആഴത്തിൽ മണ്ണിനടിയിലുള്ള വസ്‌തുക്കളെ കണ്ടെത്താൻ ജിപിആർ ടെക്നോളജി ഉപയോഗിക്കുമെങ്കിലും വെള്ളത്തിനടിയിൽ കിടക്കുന്ന അർജുന്‍റെ ലോറി കണ്ടെത്താൻ ജിപിആർ ടെക്നോളജിക്ക് സാധ്യമായിരുന്നില്ല. അതിനാലാണ് ഐബോഡ് ഉപയോഗിച്ച് തെരച്ചിൽ നടത്താൻ കർണാടക സർക്കാർ എന്നെ സമീപിച്ചത്.
തുടർന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ഗംഗാവലി പുഴയുടെ തീരത്തും, പിന്നീട് പുഴയിലും തെരച്ചിൽ നടത്തി. ഉപകരണത്തിലെ ട്രാൻസ്‌റെസീവറിൽ നിന്നും റേഡിയോ തരംഗങ്ങൾ വെള്ളത്തിനുള്ളിലേക്ക് കടത്തിവിട്ടായിരുന്നു പരിശോധന. വെള്ളത്തിനടിയിൽ നിന്നും ലഭിക്കുന്ന സിഗ്‌നലുകൾ ട്രാൻസ്‌റെസീവറിലേക്ക് തന്നെ തിരിച്ചയക്കും. ഡാറ്റ മൈനിങ്, മെഷീൻ ലേണിങ്, എഐ അസിസ്റ്റന്‍റ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ലഭിച്ച സിഗ്‌നലുകളിൽ നിന്നും എന്തെങ്കിലും വസ്‌തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയുന്നത്".