ഹൈദരാബാദ്:വാർധക്യം വന്നെത്തുക എന്നത് പെട്ടന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല. അത് കാലക്രമേണ ശരീരത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പറയാറ്. എന്നാൽ ഒരു മനുഷ്യനിൽ വാർധക്യം വന്നെത്തുന്നത് ഒരേ ക്രമത്തിൽ അല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യരിൽ 44 വയസിലും 60 വയസിലും വാർധക്യ പ്രക്രിയ ത്വരിത്വപ്പെടും. ഈ പ്രായങ്ങളിൽ പറയത്തക്കവിധം ശാരീരിക മാറ്റങ്ങളും സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 44 വയസിലും 60 വയസിലും ശരീരത്തിൽ വാർധക്യ സഹജമായ അനേകം മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 25 വയസിനും 75 വയസിനും ഇടയിൽ പ്രായമുള്ള 108 പേരിലാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പഠനം നടത്തിയത്.
ഇവരിൽ നിന്നും ശേഖരിച്ച രക്തസാമ്പിളുകൾ വിശകലനം ചെയ്‌തപ്പോൾ 44 വയസുള്ളവരിലും 60 വയസ് ഉള്ളവരിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായി മോളികുലാർ ഘടനയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കണ്ടു. ഈ രണ്ട് പ്രത്യേക പ്രായങ്ങളിലും വാർധക്യ പ്രക്രിയ പെട്ടന്ന് സംഭവിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.
ഗവേഷണത്തിൽ കണ്ടെത്തിയ മാറ്റങ്ങൾ കൂടുതലായും ഹൃദയാരോഗ്യവും മെറ്റബോളിസവുമായി ബന്ധപ്പെട്ടതാണ്. ഈ പ്രായക്കാരിൽ ടൈപ്പ് 2 ഡയബറ്റിസും ഹൃദ്രോഗവും ചീത്ത കൊളസ്ട്രോളും കൂടുതലായി കാണപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഈ പ്രായക്കാരിൽ കഫീൻ, ആൽക്കഹോൾ തുടങ്ങിയ പദാർത്ഥങ്ങളുടെ മെറ്റബോളിസം നടത്താനുള്ള ശേഷി കുറഞ്ഞതായും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. സമാനമായി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് 40, 60 വയസുകളിൽ കുറയുന്നതായും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തിൽ മനുഷ്യരിൽ 44, 60 വയസുകളിൽ വാർധക്യ പ്രക്രിയ ത്വരിത്വപ്പെടുന്നതായി കണ്ടെത്തിയെങ്കിലും, ഇത്തരം മാറ്റങ്ങളുടെ കൃത്യമായ കാരണങ്ങളോ, ജീവിതശൈലി ഘടകങ്ങൾ അവയെ എങ്ങനെ സ്വാധീനിക്കുമെന്നോ കണ്ടെത്തിയിട്ടില്ല. വലിയ ഭാഗം ജനസംഖ്യയെ ഉൾപ്പെടുത്തി നടത്തുന്ന പഠനം, ഈ പ്രായങ്ങളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെയും അത് ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് കൂടുതൽ വെളിച്ചം വീശുമെന്നും ഗവേഷകർ പറയുന്നു.
ഈ ഗവേഷണം നടത്തിയിരിക്കുന്നത് 108 പേരിലാണ്. കൂടുതൽ ആളുകളിൽ ഇതേ പരീക്ഷണം നടത്തുമ്പോൾ ഫലങ്ങളിലും മാറ്റമുണ്ടാകാനിടയുണ്ട്. സ്ഥലം, ലിംഗം, തുടങ്ങി മറ്റ് ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഈ ഫലത്തിൽ മാറ്റം വന്നേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.
Also Read: എത്ര നേരം വ്യായാമാവാം ? പ്രായമായവരിൽ വ്യായാമത്തിന്‍റെ പങ്ക്