കേരളം

kerala

ETV Bharat / technology

അതിക്രമം നേരിടുന്നവരാണോ? ദേശീയ വനിത കമ്മിഷനിൽ ഓൺലൈനായി പരാതി നൽകാം; നടപടിക്രമങ്ങൾ ഇത്രമാത്രം - HOW TO FILE COMPLAINT ON NWC - HOW TO FILE COMPLAINT ON NWC

ദേശീയ വനിത കമ്മിഷനിൽ ഓൺലൈനായി പരാതി നൽകാനാകും. അതിക്രമങ്ങൾ നേരിടുന്ന സ്‌ത്രീകൾക്ക് എൻഡബ്ലൂസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെറും 5 സ്റ്റെപ്പിൽ പരാതി സമർപ്പിക്കാനാകും. അതിനായുള്ള നടപടിക്രമങ്ങൾ ഇങ്ങനെ.

NWC online complaint procedure  ദേശീയ വനിത കമ്മിഷൻ ഓൺലൈൻ പരാതി  ഹേമ കമ്മിറ്റി റിപ്പോർട്ട്  ദേശീയ വനിത കമ്മിഷൻ
Representative image (ETV Bharat)

By ETV Bharat Tech Team

Published : Sep 6, 2024, 2:26 PM IST

ഹൈദരാബാദ്:ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റുമായി അതിക്രമങ്ങൾ നേരിടുന്നവരാണ് മിക്ക സ്‌ത്രീകളും. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്നും സഹായത്തിനായി ആരെ സമീപിക്കണമെന്നും അറിയാത്തവരാണ് പലരും. ലൈംഗികാതിക്രമം, ലിംഗ വിവേചനം, ഗാർഹിക പീഡനം അടക്കമുള്ള അതിക്രമങ്ങൾ നേരിട്ടാൽ സ്‌ത്രീകൾക്ക് ദേശീയ വനിത കമ്മിഷനെ സമീപിച്ചാൽ നിയമസഹായം നൽകുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. നേരിട്ട് പോവാതെ മൊബൈൽ ഫോൺ വഴിയും ഓൺലൈനായി പരാതി സമർപ്പിക്കാനാകും. ദേശീയ വനിത കമ്മിഷനിൽ എന്തെല്ലാം കാര്യങ്ങൾക്ക് സഹായം തേടാമെന്നും, ഓൺലൈനായി എങ്ങനെ പരാതി സമർപ്പിക്കാമെന്നും പരിശോധിക്കാം.

എന്താണ് ദേശീയ വനിത കമ്മിഷൻ:

1990-ലെ ദേശീയ വനിത കമ്മിഷൻ ആക്റ്റ് പ്രകാരം 1992 ജനുവരിയിലാണ് ദേശീയ വനിത കമ്മിഷൻ സ്ഥാപിതമായത്. സ്ത്രീകൾക്കുള്ള ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണങ്ങൾ അവലോകനം ചെയ്യുക, പരിഹാര നിയമനിർമ്മാണ നടപടികൾ ശുപാർശ ചെയ്യുക, അർഹമായ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് തുല്യ പങ്കാളിത്തം നേടാൻ സ്ത്രീകളെ പ്രാപ്‌തരാക്കുക, പരാതികൾ പരിഹരിക്കുന്നതിനും സ്ത്രീകളെ ബാധിക്കുന്ന എല്ലാ നയപരമായ കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുക എന്നിവയാണ് വനിത കമ്മിഷന്‍റെ ലക്ഷ്യങ്ങൾ. കംപ്ലയിന്‍റ് ആന്‍റ് ഇൻവെസ്റ്റിഗേഷൻ സെൽ, ലീഗൽ സെൽ, പിഎംആർ സെൽ, നോൺ റെസിഡന്‍റ് ഇന്ത്യൻ സെൽ, നോർത്ത് ഈസ്റ്റ് സെൽ എന്നിങ്ങനെ നിരവധി വിഭാഗങ്ങളായാണ് വനിത കമ്മിഷൻ പ്രവർത്തിക്കുന്നത്.

എങ്ങനെ പരാതി നൽകാം:

ദേശീയ വനിതാ കമ്മിഷനിൽ ഓൺലൈനായി പരാതി നൽകാൻ ഉദ്ദേശിക്കുന്നവർ കമ്മിഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://ncw.nic.in അല്ലെങ്കിൽ http://ncwapps.nic.in എന്ന വിഭാഗത്തിന് കീഴിൽ പരാതി നൽകാവുന്നതാണ്. നിങ്ങളുടെ പരാതിയെ പിന്തുണയ്ക്കുന്ന രേഖകൾ ഉണ്ടെങ്കിൽ അവ ഓൺലൈനായി അറ്റാച്ച് ചെയ്യുകയോ, തപാൽ മുഖേന അയക്കുകയോ, നേരിട്ട് എത്തിക്കുകയോ ചെയ്യാവുന്നതാണ്. 011-26944880, 26944883 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചും സഹായം തോടാവുന്നതാണ്.

ദേശീയ വനിത കമ്മിഷൻ ആക്‌ടിലെ സെക്ഷൻ 10 പ്രകാരം വാമൊഴിയായോ രേഖാമൂലമോ സ്വമേധയാ ലഭിച്ചതോ ആയ എല്ലാ പരാതികളും കമ്മിഷൻ്റെ കംപ്ലയിന്‍റ്സ് ആന്‍റ് കൗൺസിലിങ് സെൽ പരിശോധിക്കും. ഗാർഹിക പീഡനം, മാനനഷ്‌ടം, സ്ത്രീധനം, പീഡനം, ഉപേക്ഷിക്കൽ, ദ്വിഭാര്യത്വം, ബലാത്സംഗം, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിരസിക്കൽ, ഭർത്താവിൽ നിന്നുള്ള ക്രൂരത, ലിംഗ വിവേചനം, ജോലിസ്ഥലത്തെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങൾ വനിത കമ്മിഷന്‍റെ പരിധിയിൽ വരുന്നതാണ്.

സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഏത് പ്രശ്‌നങ്ങളും ദേശീയ വനിത കമ്മിഷനിൽ രജിസ്റ്റർ ചെയ്യാം. അതേസമയം അവ്യക്തമോ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ പരാതികൾ വനിത കമ്മിഷൻ പരിഗണിക്കില്ല. പരാതിയുടെ പൂർണമായ വിശദാംശങ്ങൾ വനിത കമ്മിഷന് മുൻപാകെ വെളിപ്പെടുത്തണം.

പരാതി ഫയൽ ചെയ്യുമ്പോൾ പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും നിർബന്ധമായും നൽകേണ്ടതുണ്ട്. കൂടാതെ പ്രതിമായി വിശദാംശങ്ങൾ അറിയുമെങ്കിൽ അതും നൽകണം. ഇതിനോടൊപ്പം സംഭവത്തിൻ്റെ സംക്ഷിപ്‌ത വിവരണവും പ്രതിവിധികളുടെ വിശദാംശങ്ങളും പിന്തുണയ്ക്കുന്ന രേഖകൾ ഉണ്ടെങ്കിൽ അതും സമർപ്പിക്കണം.

പരാതി നൽകുന്ന വിധം ഇങ്ങനെ:

സ്റ്റെപ്പ് 1: ദേശീയ വനിത കമ്മിഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://ncw.nic.in അല്ലെങ്കിൽ http://ncwapps.nic.in തുറക്കുക. തുറന്നു വരുന്ന പേജിൽ 'instructions for online complaint registration' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 1 (NWC)

സ്റ്റെപ്പ് 2: നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചതിനു ശേഷം താഴെ നൽകിയിരിക്കുന്ന 'click here for registration of complaint' എന്ന ഓപ്‌ഷനിലേക്ക് പോവുക.

സ്റ്റെപ്പ് 2 (NWC)

സ്റ്റെപ്പ് 3: തുടർന്ന് വരുന്ന ഫോമിൽ നിങ്ങളുടെ പേര്, അഡ്രസ്, ഫോൺ നമ്പർ, പരാതിയുടെ വിവരങ്ങൾ എന്നിവ നൽകുക. ആർക്കെതിരെയാണോ പരാതി നൽകുന്നത് അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയുമെങ്കിൽ അതും നൽകാം. സംഭവത്തിന്‍റെ പൂർണ വിവരണം നൽകാൻ പ്രത്യേക കോളവും അപേക്ഷ ഫോമിനൊപ്പം നൽകിയിട്ടുണ്ട്.

സ്റ്റെപ്പ് 3 (NWC)

സ്റ്റെപ്പ് 4: ശേഷം കാപ്‌ച്ച എന്‍റർ ചെയ്‌ത് 'Submit' ബട്ടൺ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 4 (NWC)

ഇത്രയും ചെയ്‌താൽ ദേശീയ വനിത കമ്മിഷനിൽ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന് നിങ്ങൾക്ക് ഒരു രസീത് നമ്പർ കിട്ടും. നിങ്ങളുടെ പരാതി വനിത കമ്മിഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പത്ത് ദിവസത്തിന് ശേഷം ഫയൽ നമ്പറും, യൂസർ ഐഡിയും പാസ്‌വേഡും ലഭിക്കും. പരാതി നിരസിക്കപ്പെട്ടാൽ, പരാതിക്കാരെ എത്രയും വേഗം അറിയിക്കേണ്ടതാണ്.

സ്റ്റെപ്പ് 5: പിന്നീട് നിങ്ങൾക്ക് ലഭിച്ച യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് പരാതിയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

സ്റ്റെപ്പ് 5 (NWC)

ദേശീയ വനിത കമ്മിഷന്‍റെ വെബ്‌സൈറ്റ് വഴിയോ, ഫോണിലൂടെ വിളിച്ചോ, നേരിട്ട് പോയോ പരാതിയുടെ നിലവിലെ സ്ഥിതി പരിശോധിക്കാവുന്നതാണ്. എൻഡബ്ലൂസിയുടെ വെബ്‌സൈറ്റിൽ 'complaint status' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌ത് യൂസർ ഐഡിയും പാസ്‌വേഡും നൽകിയാൽ നിങ്ങൾ നൽകിയ പരാതിയുടെ സ്റ്റാറ്റസ് കാണാനാവും.

വനിത കമ്മിഷന്‍റെ ഉത്തരവാദിത്വങ്ങൾ:

  • പോലീസ് അന്വേഷണം വേഗത്തിലാക്കുക
  • നടപടികൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക
  • കുടുംബ തർക്കങ്ങൾ കൗൺസിലിങിലൂടെ പരിഹരിക്കുക, വിട്ടുവീഴ്‌ച ചെയ്യുക
  • ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതികളിൽ സ്ത്രീകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള പരിഹാര നടപടികൾ വേഗത്തിലാക്കുക
  • മധ്യസ്ഥത വഹിക്കുക
  • ലൈംഗികാതിക്രമ പരാതികളിൽ കേസുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട സംഘടനയോട് ആവശ്യപ്പെടുകയും തീർപ്പാക്കൽ നിരീക്ഷിക്കുകയും ചെയ്യുക
  • ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് സ്പോട്ട് എൻക്വയറി നടത്തുക, സാക്ഷികളെ വിസ്‌തരിക്കുക, തെളിവുകൾ ശേഖരിക്കുക, ശുപാർശകളോടെ റിപ്പോർട്ട് സമർപ്പിക്കുക
  • സ്ത്രീകൾക്ക് സൗജന്യ നിയമസഹായം നൽകുക

ദേശീയവനിത കമ്മിഷന്‍റെ പരിധിയിൽ വരുന്നവ?

  • ബലാത്സംഗം / ബലാത്സംഗശ്രമം
  • ആസിഡ് ആക്രമണം
  • ലൈംഗികാതിക്രമം
  • ലിംഗ വിവേചനം
  • പിന്തുടരൽ/ ലൈംഗികചുവയോടെയുള്ള നോട്ടം
  • പെൺകടത്ത്/ നിർബന്ധിതമായി വേശ്യാവൃത്തി ചെയ്യിക്കുക
  • സ്‌ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുക
  • സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
  • സ്ത്രീകൾക്കെതിരെ പോലീസ് അനാസ്ഥ
  • ഭർതൃവീട്ടിലെ പീഡനം / സ്ത്രീധന പീഡനം / സ്ത്രീധന മരണം
  • ദ്വിഭാര്യത്വം / ബഹുഭാര്യത്വം
  • പെൺ ഭ്രൂണഹത്യ
  • ജോലിസ്ഥലത്തെ ലൈംഗികാതിക്രമം
  • സ്ത്രീകൾക്ക് പ്രസവ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന വിഷയം
  • സതി, മന്ത്രവാദ വേട്ട തുടങ്ങിയ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന പരമ്പരാഗത ആചാരങ്ങൾ
  • ഗാർഹിക പീഡനം
  • വിവാഹമോചനം /കുട്ടികളുടെ സംരക്ഷണം
  • സ്‌ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള അവകാശം

ദേശീയ വനിത കമ്മിഷന്‍റെ പരിധിയിൽ വരാത്തവ?

ചുവടെ കൊടുത്തിരിക്കുന്ന വിഭാഗത്തിലുള്ള പരാതികൾ ദേശീയ വനിത കമ്മിഷൻ തള്ളിക്കളയാൻ ബാധ്യസ്ഥരാണ്:

  • അവ്യക്തമോ പേരില്ലാത്തതോ അപരനാമം നൽകിയതോ ആയ പരാതികൾ
  • സിവിൽ തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ
  • സേവന കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
  • കോടതിയിൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം
  • സംസ്ഥാന കമ്മീഷനോ മറ്റേതെങ്കിലും കമ്മീഷനോ മുമ്പാകെ ഇതിനകം സമർപ്പിച്ച പരാതികൾ
  • മറ്റ് കമ്മിഷനുകൾ അംഗീകരിച്ച പരാതികൾ
  • സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കാത്ത തരത്തിലുള്ള പരാതികൾ

Also Read: പാതിരാത്രിയില്‍ പുറത്തിറങ്ങാന്‍ സ്‌ത്രീകള്‍ ഇനി ഭയക്കേണ്ട; സ്വയം സുരക്ഷയ്‌ക്കായി കരുതേണ്ട ഉപകരണങ്ങളിതാ, അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details