മൊബൈല്‍ ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഫോണുകളില്‍ നമ്മുടെ പരിചയക്കാരുടെ നമ്പരുകള്‍ മാത്രമല്ല വളരെ നിര്‍ണായക വിവരങ്ങളും നമ്മള്‍ സേവ് ചെയ്യാറുണ്ട്. ആരെങ്കിലും നമ്മുടെ മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിക്കുകയോ നമ്മുടെ അശ്രദ്ധ കൊണ്ട് നഷ്‌ടമാകുകയോ ചെയ്‌താല്‍ നാം വളരെയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. 'സഞ്ചാര്‍ സാഥി' ഇതിനൊരു ലളിതമായ പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എന്താണ് ഇതെന്ന് പരിശോധിക്കാം.
സിഇഐആര്‍(CEIR):
നിങ്ങളുടെ ഫോണുകള്‍ മോഷ്‌ടിക്കപ്പെടുകയോ നഷ്‌ടമാകുകയോ ചെയ്‌താല്‍ സെന്‍ട്രല്‍ എക്വിപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്‌റ്റര്‍ (സിഇഐആര്‍) ഉടന്‍ തന്നെ ഇത് ബ്ലോക്ക് ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സഹായിക്കുന്നു. എന്ന് മാത്രമല്ല ഫോണ്‍ നമുക്ക് തിരികെ കിട്ടുകയാണെങ്കില്‍ ഇത് വീണ്ടും അണ്‍ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. ഇതിനായി ഫോണ്‍ നഷ്‌ടമാകുന്നവര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലില്‍ പരാതി നല്‍കണം. ഐഎംഇഐയും മറ്റ് വിവരങ്ങളും അടക്കമാണ് പരാതിപ്പെടേണ്ടത്. ഇതുവരെ രാജ്യമെമ്പാടുമുള്ള 15,43,666 പേര്‍ ഇത്തരത്തില്‍ തങ്ങളുടെ ഫോണുകള്‍ ബ്ലോക്ക് ചെയ്‌തു. ഇതില്‍ 8,47,140 ഫോണുകള്‍ തിരികെ കണ്ടെത്തി നല്‍കാനും സാധിച്ചു.
സൈബര്‍ കുറ്റവാളികള്‍ക്ക് തടയിടല്‍
ഇപ്പോള്‍ നമ്മുടെ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഇവര്‍ പല മാല്‍വയറുകളുടെയും ലിങ്കുകള്‍ അയച്ച് നല്‍കി പല സൈബര്‍ കുറ്റകൃത്യങ്ങളും നടത്തുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെയും മറ്റും പേരില്‍ ഒടിപികളും മറ്റും ചോദിച്ച് വിളിക്കുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളുമാണ്. അത് കൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരും ഭരണകൂടങ്ങളും പല നടപടികളും കൈക്കൊള്ളുന്നത്. ഇതിന്‍റെ ഭാഗമായി സഞ്ചാര്‍ സാഥി എന്നൊരു പോര്‍ട്ടലും സര്‍ക്കാര്‍ തുടങ്ങി. ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്‍റെ കീഴിലാണ് പോര്‍ട്ടലിന്‍റെ പ്രവര്‍ത്തനം. ഫോണ്‍ നഷ്‌ടമായവര്‍ക്ക് https://sancharsaathi.gov.in എന്ന പോര്‍ട്ടലിലൂടെ ഫോണിന്‍റെയും സിം കാര്‍ഡുകളുടെയും വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നു. ഇതിലുപരി സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കാനും ഇത് സഹായിക്കുന്നു.
ഇനി കുറ്റവാളികളുടെ വലയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അറിയാം
ചക്ഷു(CHAKSHU)
കോളുകളിലൂടെയും എസ്എംഎസുകളിലൂടെയും വാട്‌സ് ആപ്പിലൂടെയും മറ്റുമാണ് സൈബര്‍ കുറ്റവാളികള്‍ നിങ്ങളെ ചതിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ എന്തെങ്കിലും ആക്രമണത്തിന് ഇരയായാലുടന്‍ തന്നെ നിങ്ങള്‍ക്ക് ചക്ഷു പോര്‍ട്ടലില്‍ പരാതി നല്‍കാം. ബാങ്ക് അക്കൗണ്ട് തട്ടിപ്പ്, പേമെന്‍റ് വാലറ്റ്, സിം, പാചകവാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, കെവൈസി അപ്ഡേറ്റ്, ഡിആക്‌ടിവേഷന്‍, ആള്‍മാറാട്ടം, ലൈംഗിക ചൂഷണം തുടങ്ങിയ എല്ലാ സൈബര്‍ തട്ടിപ്പുകളും ഇത്തരത്തില്‍ ചക്ഷുവില്‍ പരാതിപ്പെടാം.
നിങ്ങളുടെ മൊബൈലിനെ അറിയുക(KNOW YOUR MOBILE-KYM)
കുറഞ്ഞ വിലയില്‍ പഴയ ഫോണുകള്‍ സ്വന്തമാക്കുന്ന നിരപരാധികളാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. ഇവര്‍ക്കായാണ് കെവൈഎം ആവിഷ്ക്കരിച്ചിരിക്കുന്നത്. നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന ഫോണ്‍ മുമ്പ് ആരാണ് ഉപയോഗിച്ചിരുന്നതെന്ന് ഇതിലൂടെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ ഫോണുകള്‍ക്കും ഐഎംഇഐ നമ്പരുകളുണ്ട്. * #06#ഡയല്‍ ചെയ്‌താല്‍ ഐഎംഇഐ നമ്പര്‍ ലഭിക്കും. ഇത് പോര്‍ട്ടലില്‍ രേഖപ്പെടുത്തുക. കരിംപട്ടികയില്‍ പെടുത്തിയതോ ഉപയോഗത്തിലുള്ളതോ ഡ്യുപ്ലിക്കേറ്റോ ആയ ഗണത്തില്‍ വരികയാണെങ്കില്‍ ഇത് വാങ്ങാതെ ഇരിക്കുന്നതാകും നല്ലത്.
മൊബൈല്‍ കണക്ഷനെക്കുറിച്ച് അറിയാം(KNOW YOUR MOBILE CONNECTION-TAFCAP)
മറ്റുള്ളവരുടെ പേരില്‍ സിം കാര്‍ഡുകളെടുത്താണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം കുറ്റവാളികളെ കണ്ടെത്താന്‍ ഫ്രോഡ് മാനേജ്മെന്‍റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(ടിഎഎഫ്കോപ്) എന്നൊരു ടെലികോം അനലിറ്റിക്‌സ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇത് വഴി നമ്മുടെ പേരില്‍ ആരെങ്കിലും സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാകും. ഇത് വളരെ ലളിതമാണ്.
ആദ്യം ടഫ്ക്യാപ് തുറക്കുക മൊബൈല്‍ നമ്പര്‍ നല്‍കുക. ഉടന്‍ തന്നെ ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കിക്കഴിഞ്ഞാല്‍ ലോഗിന്‍ ചെയ്യാം. ഇതില്‍ നിന്ന് നിങ്ങളുടെ പേരില്‍ എത്ര മൊബൈല്‍ നമ്പരുകളുണ്ടെന്ന് മനസിലാക്കാനാകും. നിങ്ങള്‍ക്കറിയാത്ത മൊബൈല്‍ നമ്പരുകള്‍ ഇതിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഇത് നിലവില്‍ വന്നതിന് ശേഷം ഇതുവരെ 65, 23, 541 അപേക്ഷകള്‍ രാജ്യമെമ്പാടും നിന്ന് ലഭിച്ച് കഴിഞ്ഞു. ഇതില്‍ 55,57,507 കേസുകള്‍ക്ക് പരിഹാരവുമായി.
റെക്വിന്‍(Requin): പലപ്പോഴും സൈബര്‍ കുറ്റവാളികള്‍ വിദേശത്ത് നിന്ന് വിളിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായി കണ്ട് വരുന്നുണ്ട്. ഇവര്‍ വിദേശത്ത് നിന്ന് വിളിച്ചാലും പലപ്പോഴും അത് ഇന്ത്യന്‍ കോഡിലുള്ള നമ്പരാകും. എന്നാല്‍ അവരുടെ ഭാഷയില്‍ നിന്ന് അവര്‍ വിദേശികളാണെന്ന് നമുക്ക് മനസിലാക്കാനാകും. ഇത്തരം കോളുകളെ റിപ്പോര്‍ട്ട് ഇന്‍കമിങ് ഇന്‍റര്‍നാഷണല്‍ കോള്‍ വിത്ത് ഇന്ത്യന്‍ നമ്പര്‍ (REQUIN) എന്നതിലേക്ക് നമുക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഇതിലൂടെ ഇവര്‍ നിരീക്ഷണത്തിലാകുന്നു.
Also Read:വാട്‌സ്‌ആപ്പില്‍ പുതിയ എഐ ചാറ്റ്ബോട്ട് സംവിധാനം; ഇന്ത്യയിലടക്കം ലഭ്യമാകും