ആഡംബര സൗകര്യങ്ങളോടെ ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം ഒരുങ്ങുന്നു. അമേരിക്കൻ എയറോസ്‌പേസ് കമ്പനിയായ വാസ്റ്റ്(VAST) ആണ് വാണിജ്യ ബഹിരാകാശ നിലയത്തിനായുള്ള ഹാവൻ-1 (Haven-1) എന്ന പദ്ധതിക്ക് പിന്നിൽ. ആഡംബര ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാണ് ബഹിരാകാശ നിലയം അവതരിപ്പിക്കുക.
അത്യാധുനിക ജിം, വിനോദത്തിനും ആശയവിനിമയത്തിനുമുള്ള സാങ്കേതിക വിദ്യ, സ്വകാര്യ മുറികൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഈ വാണിജ്യ നിലയത്തിൽ ഉണ്ടാകുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. നാല് ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്രയും സൗകര്യപ്രദമായ മുറികളായിരിക്കും ഈ ബഹിരാകാശ നിലയത്തിലുള്ളത്. ഇപ്പോൾ ബഹിരാകാശ നിലയത്തിന്‍റെ രൂപകൽപ്പനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
ഹാവൻ-1 ബഹിരാകാശ നിലയത്തെ 2025ൽ സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ റോക്കറ്റിൽ വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഓടെ സന്ദർശകരെ സ്വാഗതം ചെയ്യും. വരാൻ പോകുന്ന സ്വകാര്യ ബഹിരാകാശ മേഖലയുടെ ഭാവിയെ സൂചിപ്പിക്കുന്നതാണ് ഇത്.
ഹാവൻ-1:
പരമ്പരാഗത ബഹിരാകാശ നിലയങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമായിരിക്കും വാണിജ്യ ബഹിരാകാശ നിലയമായ ഹാവൻ-1. ബഹിരാകാശ യാത്രികരുടെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഇതിന്‍റെ രൂപകൽപ്പന.
ബഹിരാകാശ നിലയത്തിനുള്ളിലെ സൗകര്യങ്ങൾ:
മരത്തടികൾ കൊണ്ടുള്ള ഫർണിഷിങ്, ഫിറ്റ്നസ് നിലനിർത്താൻ അത്യാധുനിക ജിം, വിനോദത്തിനും ആശയവിനിമയത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള സ്വകാര്യ മുറികൾ, സ്റ്റോറേജ് സ്പേസ്, മികച്ച ഉറക്കം ലഭിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ക്വീൻ സൈസുള്ള ബെഡ്, ഭൂമിയിലെ കാഴ്‌ചകൾ ആസ്വദിക്കാനായി പ്രത്യേക വിൻഡോ, ഹൃദയത്തിന്‍റെയും അസ്ഥികളുടെയും ആരോഗ്യത്തിന് പ്രത്യേക സപ്പോർട്ട് സിസ്റ്റം, ഊഷ്‌മളത ലഭിക്കാൻ പ്രകൃതിദത്ത വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച ഇന്‍റീരിയർ തുടങ്ങിയ സവിശേഷതകളോടെയാവും ബഹിരാകാശ സഞ്ചാരികളെ ഹാവൻ 1 വരവേൽക്കുക.
വിക്ഷേപണം എപ്പോൾ?
സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ 2025ലാണ് ഹാവൻ 1 വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 2026ൽ തന്നെ സൗകാര്യ ബഹിരാകാശ സഞ്ചാരികളെ സ്വാഗതം ചെയ്യുമെന്നാണ് വിവരം. വാണിജ്യ ബഹിരാകാശ നിലയം അവതരിപ്പിക്കുന്നത് വഴി ഭൂമിയിലും ബഹിരാകാശത്തും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ഒരു ഭാവി സൃഷ്‌ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാസ്റ്റ് കമ്പനിയുടെ ചീഫ് ഡിസൈൻ ആൻഡ് മാർക്കറ്റിങ് ഓഫിസർ ഹിലാരി കോ പറഞ്ഞു.
Also Read: ജീവന്‍റെ സാന്നിധ്യം തേടി വ്യാഴത്തിന്‍റെ ഉപഗ്രഹത്തിലേക്ക്: 'യൂറോപ്പ ക്ലിപ്പർ' പേടകം ഇന്ന് വിക്ഷേപിക്കും