വാഷിംഗ്‌ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ NS-25 ദൗത്യത്തിലുടെ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ വിനോദസഞ്ചാരിയായി ഗോപി തോട്ടക്കുറ. സംരംഭകനും പൈലറ്റുമായ ഗോപി തോട്ടക്കുറയെ NS-25 ദൗത്യത്തിനായുള്ള ആറ് ക്രൂ അംഗങ്ങളിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു. ബ്ലൂ ഒറിജിന്‍റെ ഏഴാമത്തെ പേടകം, ന്യൂ ഷെപ്പേര്‍ഡ്-25, ഞായറാഴ്‌ച രാവിലെ വെസ്‌റ്റ് ടെക്‌സാസിലെ ലോഞ്ച് സൈറ്റ് വണ്ണിൽ നിന്ന് പുറപ്പെട്ടതായി കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മേസൺ ഏഞ്ചൽ, സിൽവെയ്ൻ ചിറോൺ, കെന്നത്ത് എൽ. ഹെസ്, കരോൾ ഷാലർ, മുൻ എയർഫോഴ്‌സ് ക്യാപ്റ്റൻ എഡ് ഡ്വൈറ്റ് എന്നിവരാണ് ഫ്ലൈറ്റിലെ മറ്റ് ക്രൂ അംഗങ്ങൾ.
1984-ൽ ഇന്ത്യൻ ആർമിയുടെ വിങ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും, രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശില്‍ ജനിച്ച തോട്ടക്കുറ എംബ്രി-റിഡിൽ എയറോനോട്ടിക്കൽ സർവകലാശാലയിൽ നിന്നാണ് ബിരുദമെടുത്തത്.
ഇതുവരെ 31 പേരെയാണ് ന്യൂ ഷെപ്പേര്‍ഡ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിനും ബഹിരാകാശത്തിനും ഇടയിലുള്ള നിർദ്ദിഷ്‌ട അതിർത്തിയായ കാർമൻ രേഖയ്ക്ക് മുകളിലൂടെ പറത്തിയിട്ടുള്ളത്. ബഹിരാകാശ വിനോദസഞ്ചാരത്തിനായി ബ്ലൂ ഒറിജിൻ വികസിപ്പിച്ച പൂർണ്ണമായും പുനരുപയോഗിക്കാവുന്ന സബ്-ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ന്യൂ ഷെപ്പേർഡ്.
ഡ്രൈവ് ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് തന്നെ പറക്കാൻ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപിയെന്ന് ബ്ലൂ ഒറിജിന്‍ പറയുന്നു. ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്‍റ ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം സ്ഥിതി ചെയ്യുന്ന, ഹോളിസ്‌റ്റിക് വെൽനസ്, അപ്ലൈഡ് ഹെൽത്ത് എന്നിവയ്‌ക്കായുള്ള ആഗോള കേന്ദ്രമായ പ്രിസർവ് ലൈഫ് കോർപ്പറേഷന്‍റെ സഹസ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
വാണിജ്യ ജെറ്റുകൾ പറത്തുന്നതിനു പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയും ഗോപി പറത്തിയിട്ടുണ്ട്. അന്താരാഷ്‌ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും ഗോപി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Also Read :ബഹിരാകാശം ഒരു സ്വപ്നം അല്ലായിരുന്നു, സാധാരണ ചെയ്യുന്നതിന്‍റെ പത്തിരട്ടി ജോലി ചെയ്‌ത് പണമുണ്ടാക്കി; സന്തോഷ് ജോർജ് കുളങ്ങര