ചെന്നെെ: ഐഐടി മദ്രാസ് ബ്രെയിൻ റിസർച്ച് സെൻ്ററിന് ധനസഹായം നൽകി ഫെയർഫാക്‌സ് സിഇഒ വി പ്രേം വത്സ. കനേഡിയൻ ധനകാര്യ കമ്പനിയായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ലിമിറ്റഡ് 5 മില്യൺ യുഎസ് ഡോളറാണ് ( 41 കോടി രൂപ) ധനസഹായം നൽകിയത്. അത്യാധുനിക ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് ധനസഹായം.
'ഐഐടിഎമ്മിൻ്റെ സുധ ഗോപാലകൃഷ്‌ണൻ ബ്രെയിൻ സെൻ്ററിലെ ജോലിയുടെ ഗുണനിലവാരവും ടീമിൻ്റെ പ്രതിബദ്ധതയും വളരെ മികച്ചതാണ്. മനുഷ്യ മസ്‌തിഷ്‌കത്തിൻ്റെ ഉയർന്ന റെസല്യൂഷൻ ഇമേജ് വോള്യങ്ങൾ സൃഷ്‌ടിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോം അവർ വികസിപ്പിച്ചെടുത്തു. മനുഷ്യ മസ്‌തിഷ്‌കത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വികസിപ്പിക്കുന്നതിലും വളരെ വെല്ലുവിളി നിറഞ്ഞ മസ്‌തിഷ്‌ക രോഗങ്ങൾക്കുള്ള പരിഹാരങ്ങളിലേക്ക് നയിക്കുന്ന ഉൾക്കാഴ്‌ചകൾ വികസിപ്പിക്കുന്നതിലും ഇത് ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നു.
ഈ വലിയ സങ്കീർണ്ണത കൈകാര്യം ചെയ്യാൻ, അവർ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ മസ്‌തിഷ്‌ക ഗവേഷകരുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുന്നു. ഈ അത്യാധുനിക ഗവേഷണ-വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ഫെയർഫാക്‌സിന് സന്തോഷമുണ്ട്, അവർക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ ഞങ്ങൾ ആശംസിക്കുന്നു'- പ്രേം വത്സ അഭിപ്രായപ്പെട്ടു.