കോഴിക്കോട് :ബന്ധുവായ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പൊലീസിന്‍റെ പിടിയിലായി. ചേവായൂർ സ്വദേശി പുളിയങ്കോട് കുന്നിൽ ബിപി ഷാനൂപ് കുമാറാണ് (24) പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 29) വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
പെരുവയലിന് സമീപം കല്ലേരിയിൽ ഉള്ള ബന്ധു വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഷാനൂപ്. വൈകുന്നേരം തിരികെ പോകുമ്പോൾ ബന്ധുവായ വയോധികയുടെ കഴുത്തിലെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ വയോധികയും അസുഖ ബാധിതനായ ഭർത്താവും മാത്രമാണുണ്ടായിരുന്നത്. ഇവർ മാവൂർ പൊലീസിൽ പരാതി നൽകി.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഫറോക്ക് ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഉച്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നു. മോഷണ മുതൽ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇയാളിൽ നിന്നും തൊണ്ടിമുതൽ കസ്‌റ്റഡിയിലെടുത്തു. മാവൂർ പൊലീസ് ഇൻസ്പെക്‌ടർ പി രാജേഷ്, എസ് ഐ രമേശ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ മുത്താലം, അനിൽകുമാർ ഏരിമല, ലാലിജ് മുക്കം എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Also Read:ബസില്‍ മാല മോഷണം, പിടിക്കപ്പെടുമെന്നായപ്പോള്‍ നിലത്തിട്ട് ഇറങ്ങിയോടി ; പിന്നാലെ കുതിച്ച് പിടികൂടി മുൻ കായിക താരം