കാസർകോട്:വൈറ്റ് കോളർ ജോലികള്‍ക്ക് പുറകെ ഓടുന്ന ന്യൂജെൻ തലമുറക്ക് മുന്നിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ജൈവ കൃഷിയിലൂടെ വിജയം കണ്ടെത്തിയിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരൻ നവജിത്ത്. ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശി നവജിത്ത് പ്രിസിഷൻ ഫാമിങ് ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനായിരിക്കുകയാണ്.
കുറച്ചു വെള്ളവും വളവും കുറഞ്ഞ അധ്വാനവും കൊണ്ട് നിശ്ചിത സ്ഥലത്തുനിന്ന് പരമാവധി ഉൽപാദനം ഉണ്ടാക്കുന്ന പുത്തൻ കൃഷിസമ്പ്രദായമാണ് പ്രിസിഷൻ ഫാമിങ് അഥവാ സൂക്ഷ്‌മ കൃഷി. വളമിടാനോ വെള്ളം ഒഴിക്കാനോ ആരും വേണ്ട. വളവും വെള്ളവും സസ്യസംരക്ഷണ പ്രവർത്തനങ്ങളുമൊക്കെ ഈ സമ്പ്രദായത്തിലെ ഇൻലൈൻ ഡ്രിപ്പർ വഴി വിളകളുടെ വേരുപടലത്തിലേക്കു നേരിട്ട് എത്തിക്കുന്നതാണ് പ്രിസിഷൻ കൃഷിരീതി.
ഒരു നിശ്ചിത സ്ഥലത്ത് ഒരു വിളയിൽനിന്നും ഇത്ര ഉൽപാദനം ലക്ഷ്യമിട്ട് അതിനാവശ്യമായ ഉൽപാദന ഉപാധികൾ ആ വിളയ്‌ക്ക് നൽകി വിളവെടുക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. വളരെ ചെറുപ്പത്തിലേ കൃഷിയിൽ തൽപ്പരനായിരുന്നു നവജിത്ത്. ആദ്യം കുറച്ചു മുതൽമുടക്ക് ഉണ്ടായിരുന്നുവെങ്കിലും ഈ രീതി ഒന്ന് പരീക്ഷിക്കാമെന്ന് നവജിത്ത് തീരുമാനിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ കൃഷി തുടങ്ങിയ നവജിത്തിന് മികച്ച വിളയാണ് ലഭിച്ചത്. പയറും വെണ്ടയും സാധാരണയേക്കാൾ ഇരട്ടി വിളവ് കിട്ടി. കീടബാധയും കുറവാണ്. വീട്ടിലെ ആവശ്യം കഴിഞ്ഞ് വിൽപന നടത്താൻ സാധിക്കുന്നുണ്ടെന്ന് നവജിത്ത് പറയുന്നു. പഠനം കഴിഞ്ഞ് സർക്കാർ ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് പ്രിസിഷൻ ഫാമിങ്ങ് പരീക്ഷിച്ചത്. ഇനി മറ്റു പച്ചക്കറികളിൽ കൂടി ഈ രീതി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് നവജിത്ത്. വീടിനോട് ചേർന്ന 30 സെൻ്റ് സ്ഥലത്താണ് പയർ, വെണ്ട, നരമ്പൻ, കുമ്പളം എന്നിവയുടെ കൃഷി. യുവ കർഷകന് പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.