ഇടുക്കി :ഇടുക്കി എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തും. മണ്ണു മനസും ഇഴചേര്‍ന്ന മനോഹര കാഴ്‌ചകളുടെ ഭൂമികയാണ് ഇടുക്കി. ആ കാഴ്‌ചകള്‍ക്ക് പത്തരമാറ്റ് തിളക്കമേകുന്ന നിരവധി മനുഷ്യരുമുണ്ട് ഇവിടെ. വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തു സൂക്ഷിയ്ക്കുന്ന ഇടുക്കി സേനാപതി സ്വദേശി അനുരാജ് അത്തരത്തിൽ ഒരാളാണ്.
പാറക്കെട്ടില്‍ ചിന്നിചിതറി, ആര്‍ത്തുല്ലസിച്ച് പതിയ്ക്കുന്ന മരച്ചുവട് വെള്ളചാട്ടം. ഇടുക്കി ഒളിപ്പിച്ചിരിയ്ക്കുന്ന നിരവധി കാഴ്‌ചകളില്‍ ഒന്നാണ്, ഈ മനോഹര ജലപാതം. മണ്‍സൂണ്‍കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തണമെങ്കില്‍ അനുരാജ് ഇടക്കുടിയുടെ കൃഷിയിടത്തിലൂടെ സഞ്ചരിയ്ക്കണം.
ചിന്നിച്ചിതറുന്ന ജലകണങ്ങള്‍ ഒരുക്കുന്ന ദൃശ്യം മാത്രമല്ല ഇവിടെ ഉള്ളത്. ഒരു കാര്‍ഷിക പറുദീസ കൂടിയാണ് അനുരാജിന്‍റെ കൃഷിയിടം. പുലാസാന്‍, റംമ്പൂട്ടാന്‍, റോളീനിയോ, വൈറ്റ് ഞാവല്‍, ഇസ്രയേല്‍ ഓറഞ്ച്, സ്റ്റാര്‍ ഫ്രൂട്ട്, ബേര്‍ ആപ്പിള്‍, സുരിനാം ചെറി തുടങ്ങി, സ്വദേശിയും വിദേശിയുമായി നിരവധി ഫല വൃക്ഷങ്ങള്‍ ഇവിടെയുണ്ട്.