എറണാകുളം:കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. പശുവിനെ തെരഞ്ഞ് കാട് കയറി കാണാതായ മായാ ജയൻ, പാറുക്കുട്ടി, ഡാർലി എന്നിവരെയാണ് കണ്ടെത്തിയത്. കാട്ടില്‍ ആറ് കിലോമീറ്റര്‍ ദൂരത്ത് അറക്കമുത്തി എന്ന പ്രദേശത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്ന് ഡിഎഫ്‌ഒ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ചയാണ് ഇവരുടെ പശുവിനെ കാണാതാകുന്നത്. തിരികെയെത്താത്തതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ മായ പശുവിനെ അന്വേഷിച്ച് കാട്ടിലേക്ക് പോയി. എന്നാല്‍ പശുവിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ട് പേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്‍റഷനിലെ മുനിപ്പാറ ഭാഗത്ത് കൂടി കാട്ടിനകത്തേക്ക് പോയി. ഇതിനിടെ പശു വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനക്കൂട്ടത്തെ കണ്ട് ചിതറി ഓടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോൺ വഴി അറിയിച്ചു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ ഇവരെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കാട്ടാനകളെ കണ്ട് ഓടിയ സംഘത്തിന് വഴിതെറ്റുകയായിരുന്നു.
തുടര്‍ന്ന് രാത്രി തന്നെ അമ്പത് പേരടങ്ങുന്ന സംഘം ഇവര്‍ക്കായി ശക്തമായി തെരച്ചില്‍ ആരംഭിച്ചു. തെരച്ചിലിന് പോയവരും ആനകളുടെ മുൻപിൽ അകപ്പെട്ടിരുന്നു. നാല് സംഘങ്ങളായാണ് തെരച്ചിൽ ആരംഭിച്ചത്. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ രാത്രി വൈകി തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തി. രണ്ട് സംഘം വനത്തിൽ തന്നെ തുടര്‍ന്നു. വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ഉൾപ്പടെ നടത്തിയിരുന്നു. ഫോൺ ലൊക്കേഷൻ ഉൾപ്പടെ പരിശോധിച്ചായിരുന്നു തെരച്ചിൽ.
തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് ഇവരെ സംഘം കണ്ടെത്തിയത്. വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ് കുമാർ, കുട്ടമ്പുഴ സിഐ പി എ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also Read:'പടയപ്പ'യ്ക്ക് മുമ്പിൽപ്പെട്ട് സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്