മലപ്പുറം :മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. മലപ്പുറം മൂത്തേടത്തിനടുത്ത് ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. ആദിവാസി സ്ത്രീയായ നീലി വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. പൊടുന്നനെയാണ് കാട്ടാന ആക്രമിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകവെ വന മേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാവിലെ 11 മണിയോടെയാണ് വിവരം സമീപ ഊരില്‍ നിന്നുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് ഏറെ പണിപ്പെട്ട് നീലിയെ നിലമ്പൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നീലിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൂത്തേടം വന മേഖലയോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങൾ തേനടക്കമുള്ള വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോകുന്നത് പതിവാണ്. ഇങ്ങനെ വനത്തിനകത്തേക്ക് പോകുമ്പോഴാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമിച്ച് ഏറെ നേരത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയതും ആശുപത്രിയിലേക്ക് കൊണ്ടു പോയതും.
കഴിഞ്ഞാഴ്‌ചയാണ് നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വനം വകുപ്പിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ നാല്‍പ്പതു കാരന്‍ പൂച്ചപ്പാറയിലെ മണിയായിരുന്നു മരിച്ചത്.
ക്രിസ്‌മസ് അവധിക്ക് ശേഷം മകളെ പട്ടികവർഗ്ഗ വികസന വകുപ്പ് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്ക് മടങ്ങി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം. സുഹൃത്തുക്കളോടൊപ്പം ജീപ്പില്‍ തിരിച്ചുവന്ന മണി മാഞ്ചീരി കന്നിക്കൈയിലിറങ്ങി പൂച്ചപ്പാറയിലേക്ക് നടന്നു പോകുന്നതിനിടെ രാത്രി ഏഴ് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്.
Also Read: കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം