Wild Elephant Ezhatamugam Ganapati At Athirappilly Police Station തൃശൂർ :എരണ്ടം കെട്ടിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കാട്ട് കൊമ്പന്‍ ഏഴാറ്റുമുഖം ഗണപതി അതിരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ വീണ്ടും സജീവമാകുന്നു. അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയ ആന സ്‌റ്റേഷന്‍ കോമ്പൗണ്ടിനകത്തെ തെങ്ങിലെ പട്ട പറിച്ചു തിന്നു.
ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. സ്‌റ്റേഷന് മുന്നിലെത്തിയ ആന പട്ട തിന്നശേഷം പത്ത് മിനിറ്റോളം അവിടെ തന്നെ നിലയുറപ്പിച്ചു. ഒടുവില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഒച്ചയെടുത്താണ് ആനയെ തിരിച്ച് വിട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു ആനക്കൂട്ടം അതിരപ്പിള്ളിയിൽ ആക്രമണം നടത്തിയിരുന്നു. പ്രകൃതി ഗ്രാമത്തിലാണ് കാട്ടാനകള്‍ ആക്രമണം അഴിച്ചുവിട്ടത്. ചെടിച്ചട്ടികളും ഗ്രില്ലുകളും ഉള്‍പ്പടെ കാട്ടാനക്കൂട്ടം തകർത്തിരുന്നു.
കാട്ടാനകള്‍ അഴിഞ്ഞാടുന്നു; ഭീതിയില്‍ ജനങ്ങള്‍:അതിരപ്പിള്ളിയില്‍ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കില്‍ പിടിയാനയും കുട്ടിയാനയും ചേര്‍ന്ന് പള്ളി ആക്രമിച്ചു. ഏപ്രിൽ 1 ന് വൈകുന്നേരമാണ് സംഭവം നടക്കുന്നത്. പ്ലാന്‍റേഷൻ ഒന്നാം ബ്ലോക്കിലെ സെന്‍റ് സെബാസ്‌റ്റ്യൻ പള്ളിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പള്ളിയുടെ മുൻഭാഗത്തെ വാതില്‍ പിടിയാന പൊളിക്കുകയും തുടര്‍ന്ന് കുട്ടിയാന പള്ളിക്ക് ഉള്ളില്‍ കയറി പരിഭ്രാന്തി സൃഷ്‌ടിക്കുകയുമായിരുന്നു. ജനലും പിൻഭാഗത്തെ ഗ്രില്ലും പിടിയാന നശിപ്പിച്ചു. പ്രദേശവാസികള്‍ ശബ്‌ദമുണ്ടാക്കിയാണ് ആനകളെ തുരത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിലും അതിരപ്പള്ളി പിള്ളപ്പാറയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ചെറിയ ചാണാശ്ശേരി രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ കൃഷിയിടത്തിലാണ് ആന നാശമുണ്ടാക്കിയത്. ഒന്നര ഏക്കര്‍ കൃഷിയിടത്തിന് ചുറ്റും രണ്ട് നിരയിലായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ഫെൻസിങ്ങ് മറികടന്നാണ് ആന കൃഷിയിടത്തില്‍ പ്രവേശിച്ചത്. കായ്‌ച്ച് തുടങ്ങിയ തെങ്ങ്, വാഴ, പഴവര്‍ഗ വൃക്ഷങ്ങള്‍ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.
ALSO READ : നേര്യമംഗലത്ത് വനത്തില്‍ നിന്ന് പാതയോരങ്ങളിലേക്കിറങ്ങി കാട്ടാന ; വിനോദ സഞ്ചാരികൾക്കടക്കം ഭീഷണി