കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാടുകയറ്റി വനംവകുപ്പ് കാസർകോട്: നാടെങ്ങും വന്യമൃഗ ശല്യം രൂക്ഷമായികൊണ്ടിരിക്കുകയാണ്. കാട്ടാനയ്ക്ക് പിന്നാലെ കാട്ടിൽ വിലസി നടക്കേണ്ട കാട്ടുപോത്തും നാട്ടിൽ ഇറങ്ങുന്ന അവസ്ഥ. മടിക്കൈ മൂന്ന് റോഡില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ വനംവകുപ്പ് അധികൃതര്‍ കരകയറ്റിയെങ്കിലും നാട്ടില്‍ ചുറ്റിത്തിരിഞ്ഞത് ഭീതി പരത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മടിക്കൈ മൂന്ന് റോഡിലെ വിജയന്‍റെ വീട്ടുപറമ്പിലെ കിണറ്റിൽ ഭീമൻ കാട്ടുപോത്ത് വീണത്. ജനവാസ മേഖലയായതിനാല്‍ വനംവകുപ്പെത്തി കാട്ടുപോത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു (wild buffalo that fell into the well).
ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു രക്ഷാപ്രവർത്തനം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്ന് കയറാനുള്ള വഴിയൊരുക്കി. പിന്നീട് കാട്ടുപോത്ത് കിണറിന് പുറത്തെത്തി.
പുറത്ത് എത്തിയതോടെ പോത്തിന്‍റെ മട്ടു മാറുകയായിരുന്നു. ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തിയതിനു പിന്നാലെ കാട്ടുപോത്ത് നാട്ടിൽ മുഴുവന്‍ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തി. ഇതും പോരാതെ പ്രദേശത്തെ വീട്ടുവളപ്പുകളില്‍ നിലയുറപ്പിച്ച് ചുറ്റിത്തിരിയാനും ആരംഭിച്ചു. കാട്ടുപോത്ത് നാട്ടില്‍ത്തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
ഒടുവില്‍ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അധികൃതർ പരിശ്രമിച്ചിട്ട് കാട് കയറാതിരുന്ന കാട്ടുപോത്തിനെ ഒടുവില്‍ മയക്കുവെടിവച്ചാണ് പിടികൂടിയത്. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് വനംവകുപ്പിന്‍റെ വിദഗ്ധ സംഘം എത്തിയാണ് കാട്ടുപോത്തിന് മയക്കുവെടി വെച്ചത്.
കിണറ്റില്‍ വീണപ്പോള്‍ കാട്ടുപോത്തിന് മസില്‍ സ്ട്രെയിന്‍ ഉണ്ടായതായി വനംവകുപ്പ് വിശദമാക്കി. അതിനാല്‍ കാട്ടുപോത്തിന് ആവശ്യമായ ചികിത്സ നല്‍കി. പിന്നീട് വനംവകുപ്പിന്‍റെ അനിമല്‍ ആംബുലന്‍സില്‍ ബന്തടുക്കയിലേക്ക് കൊണ്ടുപോയ കാട്ടുപോത്തിനെ പുല്ലാഞ്ഞി വന മേഖലയിലേക്ക് തുറന്ന് വിട്ടു. അങ്ങനെയാണ് ദിവസങ്ങൾ നീണ്ട രക്ഷാ പ്രവർത്തനം അവസാനിച്ചത്. ഒപ്പം ജനങ്ങൾക്കും ആശ്വാസം.
അതേസമയം റാണിപുരത്ത് കാട്ടാന ശല്യവും രൂക്ഷമാകുകയാണ്. ഇതോടെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഭീതിയിലാണ്. ദിവസങ്ങളായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികളുടെ സഞ്ചാര പാതയിലും എത്തുന്നത് ഭീതി വിതയ്ക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പരിയാരം, റാണിപുരം പ്രദേശങ്ങളിൽ കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചു. റാണിപുരത്ത് മാത്യു കുരുവിനാവേലിൽ, ആനിമൂട്ടിൽ ടോമി, മധു റാണിപുരം എന്നിവരുടെ വാഴ, തെങ്ങ്, കമുക് കൃഷികൾ നശിപ്പിച്ചിരുന്നു.