കോഴിക്കോട് : വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ കക്കയം ഡാം സൈറ്റിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു (Wild Buffalo Attack). ഡാംസൈറ്റിലെ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ബുധനാഴ്ച വരെ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ബിജു അറിയിച്ചു.
വിനോദസഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ കാട്ടിനുള്ളിലേക്ക് തുരത്താനായി ഫോറസ്റ്റ് ആർആർടി സംഘം കക്കയം ഡാംസൈറ്റിലെത്തി പരിശോധന തുടരുകയാണ്. ഇന്നലെ ഉച്ചയോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിന്റെയും കക്കയം വൈൽഡ് ലൈഫ് സെക്ഷന്റെയും കീഴിലുള്ള ഉദ്യോഗസ്ഥ സംഘവും താമരശ്ശേരി റേഞ്ചിൽനിന്നെത്തിയ അഞ്ചംഗ ആർആർടി സംഘവുമാണ് കാട്ടുപോത്തിനായി തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഇതുവരെയും ആക്രമണകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.