കോഴിക്കോട്:സംസ്ഥാനത്ത് 10 പേർക്ക് വെസ്റ്റ് നൈല്‍ പനി റിപ്പോർട്ട് ചെയ്‌തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതിനിടെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ മരിച്ച രണ്ട് പേരുടെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് വെസ്‌റ്റ് നൈല്‍ പനിയാണെന്ന് കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്‌ക്കുകയും പരിശോധനയിൽ വെസ്‌റ്റ് നൈല്‍ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പിടിപെടില്ലെങ്കിലും മൃഗങ്ങളിലൂടെ പടരാം. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ഡിഎംഒയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് യോഗം ചേരും.