പത്തനംതിട്ട: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കോന്നിയില്‍ പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി റഹുൽ ഇസ്‌ലാമാണ് (29) അറസ്റ്റിലായത്. സ്‌കൂളിന് സമീപത്ത് നിന്ന് അര കിലോയിലധികം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്.
പൊലീസിന്‍റെ 'ഡി ഹണ്ട്' ഓപ്പറേഷനിടെയാണ് പ്രതി വലയിലായത്. കുട്ടികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങൾക്ക് കഞ്ചാവ് വിതരണം ചെയ്‌തുവരികയായിരുന്നു ഇയാൾ. വിതരണം ചെയ്യുന്നതിനായി ചെറിയ കടലാസ് പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ബംഗാളില്‍ നിന്നാണ് വില്‍പനയ്‌ക്കുള്ള കഞ്ചാവ് എത്തിക്കുന്നത്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.