രാഹുലിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് ചുരുങ്ങുമോ?; വയനാട്ടിലെ അടിയൊഴുക്കുകൾ പറയുന്നതിങ്ങനെ... - WAYANAD LOK SABHA CONSTITUENCY
കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലേക്ക് ഉറപ്പായും എഴുതിച്ചേര്‍ക്കാവുന്ന സീറ്റാണെങ്കിലും രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനും മത്സരിക്കുന്ന വയനാട്ടിലെ ഫലം എന്താകുമെന്ന് ദേശീയ രാഷ്ട്രീയവും ഉറ്റു നോക്കുകയാണ്.
വയനാട്:രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷമാണ് വയനാട്ടിലെ പ്രശ്‌നം. ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്ത് മാത്രമാകുമെന്ന് എതിരാളികള്‍. നാല് ലക്ഷത്തിനടുത്തെന്ന് കോണ്‍ഗ്രസും. 2019 വരെ ആരും ശ്രദ്ധിക്കാതെ കിടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാഷ്ട്രീയ നിരീക്ഷകരാകെ ഉറ്റു നോക്കുകയാണ്. 2009-ല്‍ മാത്രം രൂപം കൊണ്ട വയനാട് പാര്‍ലമെന്‍റ് മണ്ഡലം തുടക്കം മുതല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു.
2009-ലും 2014-ലും എംഐ ഷാനവാസായിരുന്നു വയനാട് എംപി. ഷാനവാസിന്‍റെ മരണത്തെ തുടര്‍ന്ന് 2019-ല്‍ വയനാട്ടില്‍ അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയത്. അമേഠിയില്‍ അപകടം മണത്ത കോണ്‍ഗ്രസ് രാഹുലിന് ദക്ഷിണേന്ത്യയില്‍ സുരക്ഷിത മണ്ഡലം തെരഞ്ഞു. ആ തെരച്ചില്‍ എത്തി നിന്നത് വയനാട്ടിലായിരുന്നു.
2014-ലെ കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍ പരിശോധിക്കുമ്പോള്‍ വയനാട് അത്രത്തോളം സുരക്ഷിത സീറ്റെന്ന് പറയാനാവില്ലായിരുന്നു. 2009-ല്‍ വയനാട്ടില്‍ ഒരു ലക്ഷത്തി അമ്പത്തി മൂവായിരത്തി നാനൂറ്റിമുപ്പത്തൊമ്പത് (1,53,439) വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എംഐ ഷാനവാസ് 2014 ആയപ്പോള്‍ കഷ്‌ടിച്ച് 20,870 വോട്ടിനാണ് ജയിച്ചു കയറിയത്. സിപിഐ അവരുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയെ ഇറക്കിയപ്പോഴാണ് കോണ്‍ഗ്രസ് വയനാട്ടില്‍ വെള്ളം കുടിച്ചത്. ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഇരുപതിനായിരത്തി എണ്ണൂറ്റെഴുപതില്‍ എത്തിക്കാന്‍ സത്യന്‍ മൊകേരിക്കായി. 73.25 ശതമാനം വോട്ടിങ് നടന്നപ്പോഴായിരുന്നു ഇത്.
കഴിഞ്ഞ തവണ അങ്കത്തട്ടില്‍ ഇവര്‍ (ETV Bharat)
സാഹചര്യം ഇതായിരുന്നിട്ടും രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട് തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യം പകര്‍ന്ന ഘടകം ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്‍റെ സാന്നിധ്യത്തിനൊപ്പം മണ്ഡലത്തിലെ സമുദായ സമവാക്യങ്ങള്‍ കൂടിയാണ്. പേര് വയനാട് എന്നാണെങ്കിലും മൂന്ന് ജില്ലകളിലായി പരന്നു കിടക്കുന്ന ലോക്‌സഭ മണ്ഡലമാണ് വയനാട്.
കോഴിക്കോട്ടെയും മലപ്പുറത്തെയും വയനാട്ടിലെയും രാഷ്‌ട്രീയവും സമുദായ അടിയൊഴുക്കുകളും ഒക്കെ ഇവിടെ പ്രതിഫലിക്കും. ലോക് സഭ സീറ്റിന്‍റെ ഭാഗമായ വയനാട് ജില്ലയിലെ 3 നിയമസഭ മണ്ഡലങ്ങളില്‍ (മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ) പകുതിയും ഹിന്ദു വോട്ടര്‍മാരാണ്. 28 ശതമാനമാണ് മുസ്‌ലിം വോട്ടര്‍മാര്‍. 21 ശതമാനം ക്രിസ്‌ത്യന്‍ വോട്ടര്‍മാരും. ന്യൂനപക്ഷ വോട്ടര്‍മാരും ഏതാണ്ട് അമ്പത് ശതമാനത്തോളം.
വയനാട് ലോക് സഭ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ 3 നിയമസഭ മണ്ഡലങ്ങളില്‍ (വണ്ടൂര്‍, ഏറനാട് നിലമ്പൂര്‍) വോട്ടര്‍മാരില്‍ എഴുപത് ശതമാനത്തോളം ന്യൂനപക്ഷ സമുദായക്കാരാണ്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള തിരുവമ്പാടി നിയമസഭ മണ്ഡലത്തില്‍ മാത്രമാണ് ന്യൂനപക്ഷ വോട്ടുകള്‍ അല്‍പ്പം കുറവ്, (48 ശതമാനം).
ബിജെപിക്കും മോദിക്കുമെതിരെ പോരാട്ടം നയിക്കാന്‍ ഒരേയൊരു നേതാവെന്ന നിലയില്‍ രാഹുലിനെ വയനാട്ടില്‍ അവതരിപ്പിക്കാന്‍ മുന്‍കൈയെടുത്തത് മുസ്‌ലിം ലീഗ് നേതാക്കള്‍ തന്നെയായിരുന്നു. അതുവഴി 20 ലോക് സഭാ മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ യുഡിഎഫിന് 2019-ല്‍ സാധിച്ചു.
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചതിലൂടെ വയനാട്ടില്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയില്‍ നിന്നടക്കം രാഹുലിനനുകൂലമായി വോട്ട് ചോര്‍ന്നിരുന്നു.
വര്‍ഷം
യുഡിഎഫ്
എല്‍ഡിഎഫ്
ബിജെപി
2019
706367
274597
78816
2014
377035
356165
80752
2009
410703
257264
31687
മികച്ച സ്ഥാനാര്‍ത്ഥി വന്നപ്പോള്‍ ഇടതു മുന്നണി വോട്ട് വയനാട്ടില്‍ മൂന്നര ലക്ഷം കടന്നത് ഇടത് ക്യാമ്പില്‍ പ്രതീക്ഷ പകരുന്നുണ്ട്. ഇത്തവണ ആനി രാജയെപ്പോലൊരു ദേശീയ നേതാവിനെത്തന്നെയിറക്കി സിപിഐ പോരാട്ടം കനപ്പിക്കുകയായിരുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധിയെ കൗതുകത്തോടെ നോക്കിയ വയനാട്ടിലെ വോട്ടര്‍മാരെല്ലാം ഇത്തവണ യാഥാര്‍ത്ഥ്യം തിരിച്ചറിയുമെന്നും ഇടതു ക്യാമ്പ് കരുതുന്നു.
8.83% വോട്ട് ബിജെപിക്ക് മണ്ഡലത്തിലുണ്ട്. പി ആര്‍ രസ്‌മില്‍ നാഥ് 2014-ല്‍ നേടിയ 80752 ആണ് വയനാട്ടിലെ പാര്‍ട്ടിയുടെ മികച്ച പ്രകടനം. കഴിഞ്ഞ തവണ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചപ്പോള്‍ വോട്ട് 78816 ആയി ചുരുങ്ങി,(7.22%). ഇത്തവണ സീറ്റ് ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ തന്നെ മത്സരിക്കുമ്പോള്‍ 2 ലക്ഷം വോട്ടാണ് ഏറ്റവും കുറഞ്ഞത് ലക്ഷ്യം.
ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ ആറിലൊന്ന്, അതായത് ഒരു ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി മുന്നൂറ്റിരുപത് (179320) വോട്ട് നേടാനായില്ലെങ്കില്‍ കെട്ടിവെച്ച കാശ് നഷ്‌ടമാകുമെന്നിരിക്കേ ബിജെപി 2 ലക്ഷം എന്ന ലക്ഷ്യം എന്തു വില കൊടുത്തും കൈവരിച്ചേക്കും. ഈ വോട്ടുകളില്‍ പകുതിയും എത്തുക കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ട് ബാങ്കായ കുറിച്യ സമുദായത്തില്‍ നിന്നാകുമെന്നാണ് അനുമാനം.
രാഹുല്‍ ഗാന്ധി (ETV Bharat)
അങ്ങനെ വന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ വോട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം കുറഞ്ഞേക്കാം. കഴിഞ്ഞ വര്‍ഷം ഇടത് മുന്നണിക്ക് നഷ്‌ടമായെന്ന് കരുതുന്ന എണ്‍പതിനായിരം വോട്ട് ആനി രാജ തിരിച്ചു പിടിക്കുക കൂടി ചെയ്‌താല്‍ രാഹുലിന്‍റെ വോട്ട് അഞ്ച് ലക്ഷത്തില്‍ താഴെ വരാനാണ് സാധ്യത. അത്തരമൊരു സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വയനാട്ടില്‍ ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിലാകാന്‍ സാധ്യതയുണ്ട്. ബിജെപി വോട്ട് രണ്ട് ലക്ഷത്തിനും മുകളിലേക്ക് പോയാല്‍ രാഹുലിന്‍റെ ഭൂരിപക്ഷം പിന്നേയും കുറയാനിടയുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍ മറിച്ചാണ്. കഴിഞ്ഞ തവണ നേടിയ 431770 വോട്ടിന്‍റെ ഭൂരിപക്ഷത്തിനടുത്തുള്ള ഭൂരിപക്ഷം രാഹുലിന് ഇത്തവണയും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പോള്‍ ചെയ്യപ്പെടാത്ത വോട്ടുകളെല്ലാം ഇടത് പക്ഷത്ത് നിന്നുള്ളതാണ് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിയല്ലെന്നും പ്രചാരണത്തിലും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളിലുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായിരുന്നില്ലെന്നും ഇടത് മുന്നണി വിലയിരുത്തുന്നു.
2019-ലെ 80.31 ശതമാനത്തിനെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ് ശതമാനം വയനാട്ടില്‍ കുറഞ്ഞിട്ടുണ്ട്. 73.57% പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2014-ലെ 73.25 ശതമാനത്തോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്ന പോളിങ്. എന്നാല്‍ പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വല്ലാതെ കുറഞ്ഞിട്ടില്ല. ആകെയുള്ള 14,62,423 വോട്ടര്‍മാരില്‍ 10,75,921 പേര്‍ ബൂത്തിലെത്തി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്‌ത വോട്ട് 10,89,899 ആയിരുന്നു.
ഇത്തവണ അടരാടാന്‍ ഇറങ്ങിയത് ഇവര്‍ (ETV Bharat)
കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലേക്ക് ഉറപ്പായും എഴുതിച്ചേര്‍ക്കാവുന്ന സീറ്റാണെങ്കിലും രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനും മത്സരിക്കുന്ന വയനാട്ടിലെ ഫലം എന്താകുമെന്ന് ദേശീയ രാഷ്ട്രീയവും ഉറ്റു നോക്കുകയാണ്. ജേതാവാരെന്നതല്ല ഭൂരിപക്ഷം എത്രയെന്നതാണ് വയനാട്ടിലെ ചോദ്യം.