വയനാട് :മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ജെന്‍സന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജെന്‍സണെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്‌ടമായ ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍. ശ്രുതിയടക്കം ഒന്‍പത് പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
ദുരന്തത്തിനു ശേഷം ജെന്‍സണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. അതിനിടെയാണ് വീണ്ടുമൊരു ദുരന്തം ശ്രുതിയെ തേടിയെത്തിയത്.