കേരളം

kerala

'നിലവിളികളിൽ നിസഹായനായി നിൽക്കാനെ കഴിഞ്ഞുള്ളൂ, പെറ്റുമ്മയടക്കം 16 പേരെ ഉരുള്‍ കവര്‍ന്നു'; ദുരന്തത്തെ കുറിച്ച് സാഹിര്‍ - WAYANAD LANDSLIDE SURVIVOR Sahir

By ETV Bharat Kerala Team

Published : Aug 2, 2024, 1:17 PM IST

Updated : Aug 2, 2024, 2:14 PM IST

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ കുറിച്ച് ദൃക്‌സാക്ഷിയായ സാഹിര്‍. തന്‍റെ കുടുംബത്തില്‍ നിന്നും 16 പേരെയാണ് നഷ്‌ടപ്പെട്ടതെന്ന് ഭീതിയോടെ അദ്ദേഹം പറഞ്ഞു. കഴിയുന്നവരെല്ലാം രക്ഷപ്പെടുത്തി. പാറകള്‍ക്കടിയില്‍ കുടുങ്ങിയവരുടെ നിലവിളി കേട്ടു. പക്ഷേ തനിക്കൊന്നും ചെയ്യാനായില്ലെന്നും സാഹിര്‍.

WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍  മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  landslide survivor Sahir
ദുരന്തത്തിൽ രക്ഷപ്പെട്ട സാഹിറിന്‍റെ വാക്കുകൾ (ETV Bharat)

വയനാട് ദുരന്തത്തെ കുറിച്ച് സാഹിര്‍ (ETV Bharat)

വയനാട്:ഉമ്മയും സഹോദരിയും അടക്കം 16 പേരെയാണ് വയനാട് ദുരന്തത്തിൽ സാഹിറിന് നഷ്‌ടമായത്. ഇതിൽ 7 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സഹോദരിയും അനിയന്‍റെ ഭാര്യയും കുട്ടികളും അടക്കം 9 പേർ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഇവരെ കാത്തിരിക്കുകയാണ് സാഹിർ.

അന്നത്തെ ദുരന്തത്തെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും സാഹിറിന്‍റെ കണ്ണിലെ ഭീതി മാറിയിട്ടില്ല. മുണ്ടക്കൈ ചൂരൽ ഹൈസ്‌കൂൾ റോഡിലാണ് സാഹിര്‍ താമസിക്കുന്നത്. ആദ്യം ഉരുൾപൊട്ടിയപ്പോൾ ഭാര്യയും മക്കളുമായി പുറത്തേക്ക് ഓടി. താഴെ വീടുകളിൽ താമസിക്കുന്ന ഉമ്മയെയും ബന്ധുക്കളെയും ഫോൺ വിളിച്ചു. ഒരു തവണ ഫോൺ റിങ് ചെയ്‌തെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് വിളിച്ചപ്പോള്‍ ഫോൺ റിങ് ചെയ്യുന്നില്ലായിരുന്നവെന്നും സാഹിര്‍ പറഞ്ഞു.

ഇതിനിടയിൽ തന്നെ വീണ്ടും ഉരുൾപൊട്ടി കല്ലും പാറയും ഒലിച്ചിറങ്ങി. അതില്‍ എല്ലാം തകര്‍ന്നുപോയി. രാത്രി ഒന്നര മണിക്ക് വലിയ ശബ്‌ദത്തോടെയാണ് ആദ്യത്തെ ഉരുൾപൊട്ടലുണ്ടായത്. അപ്പോള്‍ ഞെട്ടി ഉണർന്നില്ലായിരുന്നുവെങ്കില്‍ ഞങ്ങളും ഇന്നുണ്ടാകുമായിരുന്നില്ലെന്നും കണ്ണീരോടെ സാഹിർ പറയുന്നു.

പറ്റുന്നവരെയെല്ലാം താന്‍ രക്ഷപ്പെടുത്തി. പാറയ്ക്ക് അടിയിലും മറ്റും കുടുങ്ങി കിടക്കുന്നവരുടെ നിലവിളി കേട്ടെങ്കിലും രക്ഷപ്പെടുത്താനായില്ല. വീടിന്‍റെ അടുത്തുളള കുട്ടി കരയുകയായിരുന്നു പക്ഷേ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നിസഹായനായി നോക്കി നിൽക്കാന്‍ മാത്രമെ അപ്പോള്‍ കഴിഞ്ഞുള്ളൂവെന്നും സാഹിർ പറഞ്ഞു.

Also Read:പ്രതീക്ഷയുടെ നാലാം ദിനം: പടവെട്ടിക്കുന്നിൽ നാല് പേരെ ജീവനോടെ കണ്ടെത്തി; ഒരാൾക്ക് കാലിന് പരിക്ക്

Last Updated : Aug 2, 2024, 2:14 PM IST

ABOUT THE AUTHOR

...view details