വയനാട് :ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തി വനത്തിലും പുഴയിലും കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ പാടുപെട്ട് പ്രദേശവാസികള്‍. ഉടുത്തിരുന്ന മുണ്ടില്‍ക്കെട്ടിയാണ് മൃതദേഹങ്ങള്‍ പുറത്ത് എത്തിക്കാനായത്. ദുരന്തം നടന്നതു മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതു വരെ തെരച്ചില്‍ നടത്തിയത് പ്രദേശവാസികളാണ്.
കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, പരിചയക്കാര്‍ എന്നിവരെ തേടി പലയിടത്തേക്കും ഇവര്‍ ഓടിയെത്തി. മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് കാണാതായവരെ തെരഞ്ഞ് കാട്ടിലേക്ക് പ്രദേശവാസികള്‍ പോയത്. അതിനാല്‍ കണ്ടെത്തിയ മൃതദേഹം കൊണ്ടുവരാന്‍ മാര്‍ഗമില്ലാതെ വന്നു.
തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്ന നാട്ടുകാര്‍ ഉടുത്തിരുന്ന മുണ്ടഴിച്ച്, അതിലാണ് 16 മൃതദേഹങ്ങള്‍ ചുമന്നത്. പുഴയില്‍ ഒഴുക്കു കൂടുതലായതിനാല്‍ മറുകരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റാനാകാത്ത സ്ഥിതിയുണ്ടായി. ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്‌പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.