കേരളം

kerala

ETV Bharat / state

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ തെരച്ചിൽ ആരംഭിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും - RESCUE RESTARTED IN CHALIYAR RIVER - RESCUE RESTARTED IN CHALIYAR RIVER

134 മൃതദേഹങ്ങളാണ് ഇന്നലെ പോത്തുകല്ലില്‍ നിന്നും കണ്ടെത്തിയത്. ചാലിയാറില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്താനാകുമെന്നാണ് സൂചന. ഇതോടെ മരണസംഖ്യ ഇനിയും ഉയരും.

WAYANAD LANDSLIDE RESCUE OPERATION  RESCUE OPERATION IN POTHUKALLU  വയനാട് രക്ഷാദൗത്യം  ചാലിയാറില്‍ തെരച്ചിൽ
Wayanad landslide rescue operation (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 8:49 AM IST

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ചാലിയാറില്‍ തെരച്ചിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ നിന്ന് 134 മൃതദേഹങ്ങൾ ഇന്നലെ (ജൂലൈ 31) കണ്ടെത്തിയിരുന്നു. ഇന്നും കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനാകുമെന്നാണ് സൂചന. ചാലിയാറില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വയനാട്ടിലേക്ക് അയച്ചിരുന്നു.

അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 287 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്. ഇതുവരെ 1592 പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷിച്ചത്.

കാണാതായവര്‍ക്കായി മൂന്നാംദിനവും തെരച്ചില്‍ തുടരുകയാണ്. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായകളുടെ സഹായത്തോടെയാണ് സൈന്യത്തിന്‍റെ ഇന്നത്തെ രക്ഷാപ്രവർത്തനം. ഐബോർഡും സ്ഥലത്തെത്തിക്കും. തെരച്ചിലിനായി കൂടുതല്‍ യന്ത്രസന്നാഹങ്ങളും ഇന്നെത്തും.

15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തി. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. മേല്‍ക്കൂര ഉയര്‍ത്തി ആളുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കും. മലവെള്ളത്തിൽ വന്നടിഞ്ഞ വൻ മരങ്ങൾക്കിടയിലും ആളുകളുണ്ടെന്ന് സംശയിക്കുന്നു. ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം രാത്രിയിലും നടന്നു. ഇത് ഉടന്‍ പൂര്‍ത്തിയാകും.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞതും രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കുന്നു. ബെയ്‌ലി പാലം നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഉരുൾപൊട്ടൽ കണ്ട് ഓടിരക്ഷപ്പെട്ട് മുണ്ടക്കൈയിലെ റിസോർട്ടിലും മദ്രസയിലും ഇൻസ്പെക്‌ഷൻ ബംഗ്ലാവിലും കുന്നിൻമുകളിലും എത്തിയ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ കയറിനിൽക്കുന്നവരെ പൂർണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല.

Also Read: വയനാട് ദുരന്തം: രക്ഷാദൗത്യം പുനരാരംഭിച്ചു, ബെയ്‌ലി പാലം നിര്‍മാണം അവസാന ഘട്ടത്തില്‍

ABOUT THE AUTHOR

...view details