വയനാട്:ആകാംഷ...പ്രതീക്ഷ...ഒടുവിൽ നിരാശ. റഡാറിലെ പച്ച സിഗ്‌നലില്‍ നിന്നും ലഭിച്ച പ്രതീക്ഷയോടെയാണ് ദൗത്യസംഘം ജീവന്‍റെ തുടിപ്പ് തേടി മുണ്ടക്കൈയിൽ തെരച്ചിൽ ആരംഭിച്ചത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ദുരന്തഭൂമിക്ക് അരികിൽ കലുങ്കിന് താഴെയായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ഒന്നും കണ്ടെത്താൻ കഴിയാഞ്ഞതോടെ ദൗത്യസംഘം തെരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. എന്നാൽ റഡാർ പരിശോധനയിൽ വീണ്ടും ജീവന്‍റെ സാന്നിധ്യം കണ്ടെത്തി. തകർന്നു കിടക്കുന്ന കെട്ടിടത്തിന് സമീപത്ത് ആയിരുന്നു റഡാറിന്‍റെ സിഗ്‌നൽ.
ഉടൻ തന്നെ അധികൃതർ ഉണർന്നു. ജീവന്‍റെ അംശം ഉണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന നിർദേശം വന്നു. ഉടൻ തന്നെ സൈന്യം അടക്കമുള്ള ദൗത്യ സംഘത്തെ തിരിച്ചു വിളിച്ചു.
തെർമൽ സ്‌കാനറിൽ നടത്തിയ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചതോടെ ദൗത്യസംഘം രക്ഷാപ്രവർത്തനം ഊർജിതക്കി. രാത്രി ആയതിനാൽ വെളിച്ചം കൊണ്ടുവന്നു. മുസ്ലിം ലീഗിന്‍റെ കെട്ടിടമുള്ള സ്ഥലത്ത് ഒരു സ്റ്റെപ്പിന്‍റെ ഭാഗം ഉണ്ട്. ഇവിടെ 85 വയസുകാരൻ താമസിച്ചിരുന്നു.