വയനാട്:മുണ്ടക്കൈ, ചൂരൽമലയിലെ ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫിസ് അതിവേഗസേവനവുമായി പുറത്തിറങ്ങി. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പാസ്പോർട്ട് നഷ്‌ടപ്പെട്ടവർക്കായാണ് ജില്ല ഭരണകൂടം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫിസും ഐടി മിഷനും ചേർന്നാണ് ക്യാമ്പ് ആരംഭിച്ചത്.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ അപേക്ഷകർക്ക് അതിവേഗം പാസ്പോർട്ട് ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥർ സേവനവുമായി എത്തിയത്. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് നടക്കുന്ന ക്യാമ്പ് സ്പെഷ്യൽ പാസ്പോർട്ട് ഡ്രൈവ് ഇന്നലെയാണ് (സെപ്‌റ്റംബർ 29) സമാപിച്ചത്.
സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുക്കുന്നതിന് അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. 92 അപേക്ഷകൾ ലഭിച്ചതിൽ 48 എണ്ണത്തിന്‍റെ പാസ്പോർട്ട് ഓഫീസ്‍തല പരിശോധനകളും ബയോ മെട്രിക് ഒതന്‍റിഫിക്കേഷനും ശനിയാഴ്‌ചയോടെ (സെപ്‌റ്റംബർ 28) പൂർത്തിയാക്കിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൊബൈല്‍ പാസ്പോര്‍ട്ട് വാനില്‍ സജ്ജികരിച്ച സംവിധാനത്തിലൂടെയാണ് ദുരിതബാധിതര്‍ക്ക് സേവനം നൽകിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
കൽപ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ധീഖ്, ജില്ല കലക്‌ടര്‍ ഡിആർ മേഘശ്രീ, ഡെപ്യൂട്ടി കലക്‌ടർ അജീഷ് കെ, അസിസ്‌റ്ററ്റ് കലക്‌ടര്‍ ഗൗതം രാജ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. റീജിയണൽ പാസ്പോർട്ട് ഓഫിസർ അരുൺ മോഹൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ബാബു, പഞ്ചായത്തിലെ ജനപ്രതിനിധികൾ, ജീവനക്കാർ, ജില്ല ഭരണകൂടം, കോഴിക്കോട് പാസ്പോർട്ട് ഓഫിസ്, ഐടി മിഷൻ, അക്ഷയ ജില്ലാ പ്രോജക്‌ട് ഓഫിസ്, മേപ്പാടി അക്ഷയ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കോഴിക്കോട്ടെ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 16ലെ നെരോത്ത് കൂട്ടായ്‌മ സ്വരൂപിച്ച പണം ഉപയോഗിച്ച് പാസ്പോർട്ട് നഷ്‌ടപ്പെട്ട് പോയവർക്ക് ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ചെലവായ തുക ക്യാമ്പിൽ വച്ച് തിരികെ നൽകി.
Also Read:'വയനാട് സന്ദര്‍ശിക്കുക, ടൂറിസം പുനരുജ്ജീവിപ്പിക്കുക': അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി