വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെയും ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ലാ കലക്‌ടര്‍ ഡി ആര് മേഘശ്രീ. ഉപതെരഞ്ഞെടുപ്പ് കാലയളവിൽ എഡിഎമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കലക്‌ടര്‍ (എല്‍ ആര്), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിരുന്നു എന്നും കലക്‌ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലയളവിലെ ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക സെല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളും ദുരന്തബാധിതരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയിരുന്നു.
നിലവില്‍ 773 കുടുംബങ്ങളെ വാടക വീടുകളിലും 64 കുടുംബങ്ങളെ സര്‍ക്കാര്‍ ക്വാട്ടേഴ്സിലുമായാണ് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചത്. അര്‍ഹരായവര്‍ക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്തു വരികയാണ്. ദുരന്ത ബാധിര്‍ക്ക് അടിയന്തര ധനസഹായം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, മൃതദേഹം സംസ്കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവര്‍ക്കുള്ള ധനസഹായം എന്നിവയും വിതരണം ചെയ്തു എന്നും കലക്‌ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്‌റ്റേറ്റുകളിൽ നിർമിക്കൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത്.
വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ രൂപരേഖയിലുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്‌റ്റേറ്റ് മാനേജ്‌മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം പെട്ടെന്നുണ്ടായേക്കും. ദുരന്തനിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതിൽ തടസമുണ്ടാകില്ലെന്നാണ് നിയമ വിദഗ്‌ധരുടെ വിലയിരുത്തല്‍ എന്നും കലക്‌ടർ മേഘശ്രീ പറഞ്ഞു.
Also Read:ആംബുലന്‍സ് ലഭിച്ചില്ല, വയനാട്ടില്‍ വയോധികയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയില്‍