കോഴിക്കോട്:കേരളം നടുങ്ങിയ വയനാട്ടിലെ ദുരന്തത്തിന് വഴി വച്ചത് അനധികൃത നിർമാണവും അനാസ്ഥയുമാണോ എന്ന ചോദ്യമാണ് പല കോണുകളില്‍ നിന്നുമുയരുന്നത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ ഈ ചോദ്യമാണ് മുന്നോട്ട് വെച്ചതും. കേരളത്തിൽ ഏറ്റവും കൂടുതൽ റിസോർട്ടുകളും എണ്ണമറ്റ ഹോംസ്‌റ്റേകളുമുള്ള പഞ്ചായത്താണ് മേപ്പാടി. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾ ഈ പഞ്ചായത്തിൻ്റെ കീഴിലാണ്. 2019 മുതല്‍ റിസോർട്ടുകളും ഹോം സ്‌റ്റേകളും ഉള്‍പ്പെടുന്ന നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്.
സ്‌പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അനുമതി നല്‍കിയതോടെ കെട്ടിട ബാഹുല്യമായി. രണ്ടായിരത്തിലേറെ വീടുകളാണ് അട്ടമലയിലും മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായിരുന്നതെന്നതും ഞെട്ടിക്കുന്ന കണക്കാണ്. അനധികൃത നിര്‍മാണത്തിലടക്കം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി എന്നാണ് വനം വകുപ്പ് പറയുന്നത്.
റെഡ് കാറ്റഗറിയിലുള്ള ഈ പ്രദേശത്തെ കുറിച്ച് വിദഗ്‌ധരടങ്ങിയ സംയുക്ത കമ്മിറ്റി നിരവധി റിപ്പോർട്ടുകൾ നൽകിയതാണെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. സുരക്ഷ ഇല്ലാത്തതിനാൽ ഈ മേഖലയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കണം എന്നും ഡിഎഫ്ഒ നിർദേശിക്കുന്നു.
മുമ്പ് പല തവണ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ പണിയാൻ അനുമതികള്‍ നല്‍കിയിരുന്നതെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ മനുഷ്യർ ജീവിക്കാൻ കുടിയേറിയതിന് പുറമെ വൻതോതില്‍ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വ്യാപകമായി റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും അനുമതി കൊടുത്തു.