ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധി കെവി തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്.
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെവി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കേന്ദ്രത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. ജൂലൈയിലും നവംബറിലുമായാണ് ഈ തുക നല്‍കിയിട്ടുള്ളത്.
എസ്‌ഡിആര്‍എഫില്‍ നിലവില്‍ 394 കോടി രൂപ ബാക്കിയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനുള്ള സാമ്പത്തികം കേരളത്തിന്‍റെ ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ തുക ഇതിൽ നിന്നും ചെലവഴിക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.