കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. നിലവിലെ കണുകള്‍പ്രകാരം പ്രിയങ്ക 372883 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഭൂരിപക്ഷമാണിത്. ആകെ 564515വോട്ടുകളാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് നിലവില്‍ 191632 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 103480 വോട്ടുകളുമാണ് ലഭിച്ചത്.
കഴിഞ്ഞതവണ രാഹുൽഗാന്ധി 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ ഭൂരിപക്ഷം ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് മറികടയ്‌ക്കാനായി. 2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം.