കൽപ്പറ്റ: ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കാലം ചൂരൽമല – മുണ്ടക്കൈക്കാരുടെ അനുഭവത്തിലില്ല. പ്രചാരണത്തിനും വോട്ടെടുപ്പിനുമെല്ലാം അവർ പുതുരീതികൾ കണ്ടു. പ്രചാരണ വേളയിലൊക്കെ സ്ഥാനാർഥികൾ എത്തിയാലും നേരിൽക്കണ്ട് വോട്ടഭ്യർഥന നടത്താൻ വോട്ടർമാരില്ലാത്ത വാർഡുകളായി മുണ്ടക്കൈയും ചൂരൽമലയും മാറിയിരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബെയ്‌ലി പാലത്തിനടുത്ത് വരെ വന്ന് ഫോട്ടോയെടുത്ത് മടങ്ങുകയായിരുന്നു സ്ഥാനാർഥികൾ. പുത്തുമലയിലെ പൊതുശ്‌മശാനത്തിലും സ്ഥാനാര്‍ഥികളെത്തി. ദുരന്തത്തിന്‍റെ മറക്കാനാകാത്ത വേദനക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചൂരൽമലയിൽ സജീവമായിരുന്നു.
പ്രിയങ്ക ഗാന്ധിയുടെയും സത്യൻ മൊകേരിയുടെയുമെല്ലാം വോട്ടഭ്യർഥനയുമായി ഫ്ലെക്‌സ് ബോർഡുകളും ടൗണിലുണ്ട്. കല്‍പ്പറ്റ, മേപ്പാടി, മുട്ടിൽ തുടങ്ങി പലയിടങ്ങളിലായി വാടക വീടുകളിൽ താമസിക്കുന്ന വോട്ടർമാരെ നേരിൽ കണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണം.
ഒരൊറ്റ ബൂത്തിലെ വോട്ടർമാരെ തേടി പല പഞ്ചായത്തുകളിൽ പരന്ന് കിടക്കുന്ന വീടുകളിലേക്കാണ് സ്ക്വാഡ് പ്രവർത്തകർ പോകുന്നത്. ഇന്നത്തെ നിശബ്‌ദ പ്രചാരണ വേളയിലും ചൂരൽമലയ്ക്ക് രാഷ്ട്രീയക്കാർ പ്രധാന്യം നൽകുന്നുണ്ട്.
കൈയ്യില്‍ മഷിപുരട്ടാന്‍ അവരെത്തില്ല; ഓർമകൾ വിതുമ്പുന്ന ചൂരൽമലക്കാർ
ആറ് മാസത്തിനുള്ളിൽ രണ്ടാമതും തെരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും പലരും വോട്ട് ചെയ്യാനെത്തില്ല. ഉരുൾപൊട്ടലിൽ ഭൂരിപക്ഷം ആളുകളെയും നഷ്‌ടമായ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. പക്ഷെ വോട്ടർമാർ പലരും ഇല്ലെന്ന് മാത്രം. അവരൊക്കെ മണ്ണിനുള്ളിൽ സുഖ നിദ്രയിലാണ്.
ദുരിതബാധിതർക്കായി പ്രത്യേക ബൂത്തുകളും വാഹന സൗകര്യവും
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് വോട്ട് ചെയ്യാനായി പ്രത്യേക ബൂത്തുകളും വാഹന സൗകര്യവും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. താത്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ബൂത്തുകളിലെത്താനുള്ള വാഹന സൗകര്യവുമൊരുക്കിയിട്ടുണ്ട്.
നീലിക്കാപ്പ് സെയ്ൻ്റ് സെബാസ്റ്റ്യൻ ചർച്ച് (167, 169 ബൂത്തുകൾ), മേപ്പാടി ഗവ. എച്ച്. എസ്.എസ്. (168-ാം ബൂത്ത്) എന്നിവയാണ് ദുരന്ത ബാധിതർക്കായി പ്രത്യേകം സജ്ജമാക്കിയത്. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മുമ്പുണ്ടായിരുന്ന മൂന്ന് ബൂത്തുകളാണ് ഇവ. കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായാണ് ചൂരൽമല - മുണ്ടക്കൈ വോട്ടുവണ്ടി സർവീസ് നടത്തുക.
മുട്ടിൽ -തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട്-മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി-മുട്ടിൽ -കല്പറ്റ -മേപ്പാടി വഴി ബൂത്തുകളിലേക്കും പനമരം-കണിയാമ്പറ്റ-പള്ളിക്കുന്ന്-പൊഴുതന - വെങ്ങപ്പള്ളി - വൈത്തിരി വഴി ബൂത്തുകളിലേക്കും ,സുൽത്താൻബത്തേരി-കോളി യാടി-മാടക്കര-ചുള്ളിയോട്-അമ്പലവയൽ -തോമാട്ടുചാൽ-വടുവൻചാൽ-മേപ്പാടി വഴി ബൂത്തുകളിലേക്കും വോട്ടുവണ്ടി സർവീസ് നടത്തും.
ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്തിയ വോട്ടർമാരെ തിരികെയെത്തിക്കാനും വോട്ടുവണ്ടിയുടെ സഹായം ലഭിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് 08, 11, 02 മണി സമയങ്ങളിലായി മൂന്ന് ട്രിപ്പുകളാണുള്ളത്.