തിരുവനന്തപുരം:ശബരിമലയിൽ ഒരാഴ്‌ചക്കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി. വെര്‍ച്വല്‍ ക്യൂ ബുക്കിങിനായുള്ള നവംബര്‍ 15 മുതല്‍ 29 വരെയുള്ള എല്ലാ സമയത്തെ സ്ലോട്ടുകളിലുമാണ് ബുക്കിങ് പൂര്‍ത്തിയായത്. ദിവസേന 70,000 പേര്‍ക്ക് ഓണ്‍ലൈനായും 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങിലൂടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നട തുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നാളെ (നവംബർ 15) വൈകിട്ട് 5.30 ന് മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി, തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും സന്നിധാനത്ത് നട തുറക്കുക.
തുടര്‍ന്ന് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യമറിയിക്കാന്‍ ദീപങ്ങള്‍ തെളിയിക്കും. മാളികപ്പുറം ക്ഷേത്രം തുറക്കാന്‍ താക്കോലും ഭസ്‌മവും നൽകി നിലവിലെ മേല്‍ശാന്തി പിഎം മുരളി നമ്പൂതിരിയെ യാത്രയാക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഈ മണ്ഡലകാലത്ത് ആദ്യമായി പതിനെട്ടാം പടി കയറി ചുമതലയേൽക്കുന്നതിന് മുന്‍പ് മേല്‍ശാന്തി പി എം മുരളി നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും.