പത്തനംതിട്ട:ആത്മഹത്യ ചെയ്‌ത സുഹൃത്തിന്‍റെ സംസ്‌കാര ചടങ്ങിനെത്തി അക്രമം അഴിച്ചുവിട്ട് യുവാക്കള്‍. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുൽ പ്രകാശിന്‍റെ ശവസംസ്‌കാരത്തിനെത്തിയ യുവാക്കളാണ് ചടങ്ങുകള്‍ക്ക് ശേഷം അക്രമം അഴിച്ചു വിട്ടത്. റോഡിൽ ഗതാഗതം തടഞ്ഞും വീടുകൾക്ക് നേരെ കല്ലെറിഞ്ഞും ഇവർ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു.
സംഭവത്തില്‍ 6 യുവാക്കളെ കൊടുമൺ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പിസികെ ലേബർ ലൈനിൽ ബി അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ ലാൽ (27), കൂടൽ നെടുമൺ കാവ് പിസികെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ അരുൺ (29), ഓമല്ലൂർ ചീക്കനാൽ മേലേപ്പുറത്ത് വീട്ടിൽ ബിപിൻ കുമാർ(30), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കണ്ടാലറിയാവുന്ന 4 പേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കൊടുമൺ ഇടത്തിട്ടയിലായിരുന്നു യുവാക്കളുടെ അതിക്രമം. അതുലിന്‍റെ ശവ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് സുഹൃത്തുക്കളായ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്.
ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂർ റോഡിൽ സംഘം ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയും ചെയ്‌തു. ക്ഷേത്ര ദർശനത്തിന് പോയവരെ അസഭ്യം പറയുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്‌ത സംഘത്തെ സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ പി വിനോദിന്‍റെ നേതൃത്വത്തിൽ തടയുകയായിരുന്നു.