കാസർകോട് :വോട്ടർപട്ടികയുടെ പകർപ്പെടുക്കുന്നതുമായി ബന്ധപ്പെട്ട് കാസർകോട് മധൂർ ഗ്രാമപ്പഞ്ചായത്തിൽ ക്രമക്കേട് നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി (Vigilance Inspection In Madhur Panchayat). ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വോട്ടർ പട്ടിക അച്ചടിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയിലാണ് പരിശോധന. വെബ്സൈറ്റിൽ നിന്ന് വോട്ടേഴ്സ് പട്ടിക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്തതിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്നാണ് വിവരം.