ഇടുക്കി:സ്വന്തമായി ഔദ്യോഗിക വാഹനങ്ങള്‍ ഇല്ലാത്ത ദേവികുളം സബ് ആര്‍ടി ഓഫിസിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കാലപ്പഴക്കം ചെന്ന ഔദ്യോഗിക വാഹനം നിരത്തൊഴിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലായത്. കണ്ടം ചെയ്ത വാഹനത്തിന് പകരം ഇതുവരെ വാഹനം ലഭിച്ചിട്ടില്ല.
15 വര്‍ഷം പഴക്കമുള്ള ഓഫിസിലെ വാഹനങ്ങളാണ് നിരത്തൊഴിഞ്ഞത്. പകരം സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല സബ് ആര്‍ടി ഓഫിസുകള്‍ക്ക് പിന്നാലെയായിരുന്നു ദേവികുളം സബ് ആര്‍ടി ഓഫിസിലെയും വാഹനം കാലാവധി കഴിഞ്ഞ് നിരത്തൊഴിഞ്ഞത്. എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ വാഹനമോ പകരം സംവിധാനമോ അവിടേക്ക് എത്തിയില്ല. ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്തെത്താനുമൊന്നും വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്ത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.