തിരുവനന്തപുരം: നാളെ (17-04-24) ലോക ഹീമോഫീലിയ ദിനം. രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന ഘടകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അടുത്തിടെ അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി തയ്യാറാക്കിയ വെബ് പോര്‍ട്ടലിന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആശാധാര പദ്ധതിയിലൂടെ ഹീമോഫീലിയ ചികിത്സയില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിത്സ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് 2,000 ലധികം ഹീമോഫീലിയ രോഗികളാണുള്ളത്. അവരുടെ രോഗാവസ്ഥകളും വ്യത്യസ്‌തമാണ്. അതിനാല്‍ തന്നെ വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചികിത്സ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വര്‍ഷവും ഏപ്രില്‍ 17നാണ് ലോക ഹീമോഫീലിയ ദിനം ആചരിക്കുന്നത്. എല്ലാവര്‍ക്കും തുല്യമായ പരിചരണം നൽകുക: എല്ലാ രക്തസ്രാവ വൈകല്യങ്ങളും തിരിച്ചറിയാന്‍ കഴിയുക (Equitable access for all: recognizing all bleeding disorders) എന്നതാണ് ഈ വര്‍ഷത്തെ ഹീമോഫീലിയ ദിന സന്ദേശം.
ഹീമോഫീലിയ ചികിത്സാ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തി വരുന്നത്. ഹീമോഫീലിയ പോലുള്ള രക്തകോശ രോഗങ്ങളെ കൃത്യമായ മാര്‍ഗരേഖകള്‍ക്ക് അനുസരിച്ച് ആശാധാര പദ്ധതി വഴി ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പുവരുത്തി. 96 കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാകുന്ന ബൃഹത് പദ്ധതിയാണ് ആശാധാര. രക്തവും രക്തഘടകങ്ങളും ഉപയോഗിച്ച് കൊണ്ട് ഹീമോഫീലിയക്ക് ചികിത്സ നല്‍കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ഫാക്‌ടര്‍ റീപ്ലേസ്‌മെന്‍റ് ചികിത്സയിലേക്കും ഏറ്റവും ആധുനികമായ നോണ്‍ ഫാക്‌ടർ ചികിത്സയിലേക്കും വ്യാപിപ്പിച്ചു.