പത്തനംതിട്ട :ജില്ലയിൽ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
നാളെ(14-05-2024) ആരോഗ്യ വകുപ്പിലെ സംസ്ഥാന തലത്തിലെ ഉന്നതതല സംഘം ജില്ല സന്ദര്‍ശിക്കും. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗ ലക്ഷണങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്‍റൈന്‍ കൃത്യമായി പാലിക്കണം. അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വൊളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. പക്ഷികളുമായി ഇടപെട്ടവര്‍ക്കോ, നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ കര്‍ഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്‌ടറെ അറിയിക്കേണ്ടതാണ്.
എന്താണ് പക്ഷിപ്പനി? :പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ആ വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.