തിരുവനന്തപുരം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തന്നെയല്ലേ പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
പ്രതിപക്ഷം പറഞ്ഞു എന്നതു മാത്രമല്ല, നീതിബോധമുള്ള ആര്‍ക്കും ഇങ്ങനെയെ പറയാനാകൂ. കൃത്യമായ നിയമപരിശോധന നടത്തിയാണ് പ്രതിപക്ഷം അഭിപ്രായം പറഞ്ഞത്. പ്രതിപക്ഷത്തിൻ്റെ അഭിപ്രായമായിരുന്നു ശരിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം. പോക്സോ നിയമത്തിൻ്റെ സെക്ഷന്‍ 21, ബിഎന്‍എസ്എസ് ആക്‌ടിൻ്റെ 176(1), ബിഎന്‍എസ് ആക്‌ടിൻ്റെ 199(സി) അനുസരിച്ചും ഒരു വിവരം കിട്ടിയാല്‍ അപ്പോള്‍ തന്നെ അന്വേഷണം നടത്തണം.
പോക്സോ ആക്‌റ്റും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് തന്നെ ആറു മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിപക്ഷത്തിൻ്റെ ആവശ്യ പ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി.