തിരുവനന്തപുരം: ബാർ മുതലാളിമാരുടെ നേതാവിന്‍റെ ശബ്‌ദ സന്ദേശം പുറത്തു വന്ന സംഭവത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതേ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം നടത്തിയ വാക്ക് ഔട്ടിന് ശേഷം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ കൃത്യമായ ഉത്തരം നൽകാതെ ദുർബലമായ വാദങ്ങൾ നിരത്തി എക്സൈസ് മന്ത്രി ഒഴിഞ്ഞു മാറിയെന്നും ബാറുടമകളുടെ പണപ്പിരിവ് ഗൗരവകരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ടൂറിസം വകുപ്പാണ് അബ്‌കാരി നയത്തിൽ മാറ്റം വരുത്താൻ യോഗം വിളിച്ചു കൂട്ടിയത്. മദ്യ നയത്തിൽ മാറ്റം വരുത്താമെന്ന് ബാറുടമകൾക്ക് ഉറപ്പും നൽകി. ഇതിന്‍റെ പേരിലാണ് പണപ്പിരിവ് നടത്തിയതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.