തിരുവനന്തപുരം:ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും ആരോപണ വിധേയനായ എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചെങ്കിലും പ്രതിപക്ഷം ആക്രമണം വീണ്ടും കടുപ്പിക്കുകയാണ്. വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നു. രണ്ട് പേരുടെ രാജിയില്‍ എല്ലാം അവസാനിച്ചെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്‍റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്‌ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.