തിരുവനന്തപുരം : പദ്‌മ പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്‌മ പുരസ്‌കാരങ്ങള്‍ ഇപ്പോഴും പ്രതിഭാശാലികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി പത്മനാഭന്‍, എം കെ സാനു, മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരില്‍ നിന്ന് പദ്‌മ പുരസ്‌കാരങ്ങള്‍ അകന്നുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു (VD Satheesan Facebook Post).
പ്രവർത്തന മേഖലകളിൽ മികവും, സ്വാതന്ത്ര്യ ബോധവും, നല്ല ചിന്തകളും, ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും. പദ്‌മവിഭൂഷന്‍ ബഹുമതിക്ക് ഒരു ഇന്ത്യന്‍ ചരച്ചിത്ര താരത്തെ പരിഗണിക്കുന്നുവെങ്കില്‍ ആദ്യ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് അവസാനിക്കുന്നത്.
വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്:
ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പദ്‌മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.