കേരളം

kerala

ETV Bharat / state

'കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ'; ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് - VD SATHEESAN CHALLENGES MB RAJESH

ബ്രൂവറി വിവാദത്തില്‍ മന്ത്രി എംബി രാജേഷിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണങ്ങളെ വ്യാജ ആരോപണങ്ങളുമായി നേരിടുന്ന രീതി ഇവിടെ വിലപ്പോകില്ല. അതീവ രഹസ്യമായി മദ്യനിര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയതെന്തിനെന്നും ചോദ്യം.

BREWERY CONTROVERSY UPDATES  VD SATHEESAN ON BREWERY CONTROVERSY  ബ്രൂവറി വിവാദം വിഡി സതീശന്‍  എംബി രാജേഷ് ബ്രൂവറി വിവാദം
VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 7:43 PM IST

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച കാതലായ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ ആരോപണങ്ങളെ വ്യാജ ആരോപണമുന്നയിച്ച് നേരിടുന്ന രീതിയാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ്‌ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സിപിഎം രീതിയാണ്. അതിവിടെ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡീല്‍ ഉറപ്പിച്ചത് എവിടെ വച്ചായിരുന്നെന്നും എന്തായിരുന്നു ഡീല്‍ എന്നും എവിടെ വച്ചാണ് മന്ത്രിയും കമ്പനി പ്രതിനിധികളും കൂടിക്കാഴ്‌ച നടത്തിയതെന്നും സതീശന്‍ ചോദിച്ചു. ഒരു വകുപ്പും അറിയാതെ എക്‌സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയത് എന്ന പ്രതിപക്ഷ ആരോപണത്തിനുള്ള കൃത്യമായ തെളിവായാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടത്.

മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കേരളീയ പൊതു സമൂഹത്തിന് മുന്നില്‍ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ല. മറ്റൊരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ അതീവ രഹസ്യമായി മദ്യനിര്‍മ്മാണ പ്ലാന്‍റിന് അനുമതി നല്‍കിയത് എന്തിന് എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യനയം മാറിയത് ആരുമറിഞ്ഞില്ല എന്നായിരുന്നില്ല പ്രതിപക്ഷത്തിന്‍റെ ആരോപണം. മാറിയ മദ്യനയം അനുസരിച്ച് പുതിയ മദ്യനിര്‍മ്മാണശാലക്ക് അനുമതി കൊടുത്തത് ആരും അറിഞ്ഞില്ലായെന്നായിരുന്നു. കേരളത്തില്‍ പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ സമാനമായ ബിസിനസ് നടത്തുന്ന ഡിസ്റ്റിലറികള്‍ പോലും അറിയാതെ എങ്ങനെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസീസ് കമ്പനി മാത്രം ഇതറിഞ്ഞത്? അതിനും മന്ത്രിക്ക് മറുപടിയില്ല.

പുതിയ മദ്യനയം വരുന്നതിന് മുമ്പ് എങ്ങനെയാണ് ഒയാസീസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയത്? കോളജ് തുടങ്ങാന്‍ എന്ന പേരിലാണ് സ്ഥലം വാങ്ങിയത്. അപ്പോള്‍ ഒയാസീസ് കമ്പനിക്ക് മദ്യനിര്‍മ്മാണ ശാല അനുവദിക്കാന്‍ വേണ്ടി മാത്രം മദ്യനയം മാറ്റുകയായിരുന്നുവെന്ന് വ്യക്തം.

രൂക്ഷമായ കുടിവെള്ളക്ഷാമവും കൃഷിക്കാവശ്യമായ വെള്ളത്തിന്‍രെ ദൗര്‍ലഭ്യവും അനുഭവിക്കുന്ന വിണ്ടു കീറിക്കിടക്കുന്ന പാലക്കാടിനെയാണ് സുലഭമായ വെള്ളമുള്ള ജില്ലയാക്കി മന്ത്രി അവതരിപ്പിച്ചത്. മദ്യനിര്‍മ്മാണശാല പൂര്‍ത്തിയാകുമ്പോള്‍, ആവശ്യമായ വെള്ളമെന്ന പേരില്‍ മന്ത്രി പറഞ്ഞ കണക്കും കമ്പനിയുടെ ആവശ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയ്ക്ക് വച്ച കുറിപ്പിലും ഒയാസീസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി നടത്തി വിജയിപ്പിച്ച പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാല് കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവച്ചു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ല.

മദ്യ ഉത്‌പാദനത്തിന് ആവശ്യമായ എക്‌സ്‌ട്ര ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്‌പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന മദ്യ നയത്തിലെ വ്യവസ്ഥയുടെ മറവില്‍ എഥനോള്‍ പ്ലാന്‍റ്, മള്‍ട്ടി ഫീഡ്‌സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്‌പിരിറ്റ് പ്ലാന്‍റ്, ബ്രാണ്ടി/വൈന്‍ പ്ലാന്‍റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയത് എങ്ങനെ എന്ന ചോദ്യത്തിനും മറുപടിയില്ല.

സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും ബോധ്യപ്പെടുത്താനാകാത്ത കാര്യങ്ങളാണ് മന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഒയാസിസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണ കുറിപ്പ് പോലും ഇറങ്ങിയിട്ടില്ലെന്നത് അതിശയകരമാണ്. പ്രൊപ്പഗന്‍ഡ മാനേജരെക്കാള്‍ നന്നായി മന്ത്രി എംബി രാജേഷ് കമ്പനിയെ ന്യായീകരിക്കുന്നത് കൊണ്ടാകാം അവര്‍ അതിന് തയാറാകാത്തത്. വിഷയത്തില്‍ ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി പ്രതീക്ഷിക്കുന്നതായും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Also Read:'ക്യാബിനറ്റ് നോട്ട് ഒരാഴ്‌ചയായി വെബ്‌സൈറ്റില്‍'; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ്‌

ABOUT THE AUTHOR

...view details