കേരളം

kerala

ETV Bharat / state

'സിപിഎമ്മിന്‍റെ വര്‍ഗീയ പരസ്യം കേരളത്തിന്‍റെ മതേതര മനസിനെ മുറിവേൽപ്പിച്ചു, ഉത്തരവാദി എംബി രാജേഷ്‌':വിഡി സതീശന്‍

സിപിഎമ്മിന്‍റ പത്ര പരസ്യത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരസ്യം നല്‍കിയത് മന്ത്രി എംബി രാജേഷെന്നും കുറ്റപ്പെടുത്തല്‍. സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിലും പ്രതികരണം.

VD SATHEESAN AGAINST CPM  CPM ADVERTISEMENT SANDEEP VARIER  പത്ര പരസ്യത്തിനെതിരെ വിഡി സതീശന്‍  സിപിഎമ്മിനെതിരെ വിഡി സതീശന്‍
VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

കാസർകോട്: ഉപതെരഞ്ഞെടുപ്പിന്‍റെ തലേദിവസം സിപിഎം നല്‍കിയ വര്‍ഗീയ പരസ്യം കേരളത്തിന്‍റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആ മുറിവുണങ്ങാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിഡി സതീശന്‍റെ പ്രതികരണം.

സംഘ്‌പരിവാരിന്‍റെ അതേ പാതയിലൂടെ സഞ്ചരിച്ച് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദേശത്തോടെയാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്. ഇത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യമാണെന്ന് സിപിഐ തന്നെ പറഞ്ഞിരിക്കുകയാണ്. ഇടത് മുന്നണിയുടെ പരസ്യമല്ല. ഇടത് മുന്നണിയല്ലിത് നല്‍കിയത്. അതില്‍ സിപിഐയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത് വര്‍ഗീയ വിദ്വേഷം പരത്തുന്ന പരസ്യമാണെന്ന് മുഖ്യ ഘടക കക്ഷി തന്നെ പറഞ്ഞിരിക്കുകയാണ്.

വിഡി സതീശന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഈ പരസ്യം നല്‍കിയതിന്‍റെ ഉത്തരവാദി മന്ത്രി എംബി രാജേഷ്‌ ആണ്. അദ്ദേഹമാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ളയാള്‍. എന്നിട്ടും ഇന്നലെ അദ്ദേഹം ഇതിനെ ന്യായീകരിക്കുകയാണ്. മന്ത്രി പറഞ്ഞത് ഇവിടെ ചെലവ് കുറവുള്ളത് കൊണ്ടാണ് ഈ പത്രത്തില്‍ പരസ്യം നല്‍കിയതെന്നാണ്. അതിന്‍റെ തലേദിവസം പ്രമുഖ ദിനപത്രത്തില്‍ നാല് പേജ് പരസ്യം ഇവര്‍ നല്‍കിയിരുന്നു. അത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം ആയിരുന്നില്ലെന്നും അത് വിവാദമായില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍റണി രാജുവിന്‍റെ വിഷയത്തിലും പ്രതികരണം:ആന്‍റണി രാജു ചെയ്‌തത് ഗുരുതരമായ കുറ്റമാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. അദ്ദേഹം മന്ത്രിയായിരുന്നു എന്നത് കേരളത്തിന് അപമാനമാണ്. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി യാതൊന്നും മിണ്ടിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം:കേരളത്തിന്‍റെ മതേതര മനസിനെ കളങ്കപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. തങ്ങൾ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ്. സിപിഎം വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിപിഎമ്മിനും ബിജെപിക്കും സാദിഖലി തങ്ങൾക്കെതിരെ ഒരേ സ്വരമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ റിപ്പോർട്ട്:പ്രതിപക്ഷ ആരോപണങ്ങൾക്ക് അടി വരയിടുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ റിപ്പോർട്ട്. പൊലീസ് തൃശൂർ പൂരം അലങ്കോലമാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എഡിജിപി അജിത് കുമാറാണ് പൂരം അലങ്കോലമാക്കാൻ നേതൃത്വം നൽകിയതെന്നും വിഡി സതീശൻ ആരോപിച്ചു.

Also Read:പത്രപ്പരസ്യ വിവാദം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

ABOUT THE AUTHOR

...view details