എറണാകുളം : വരാപ്പുഴ അതിരൂപത സഹായമെത്രാനായി ഡോ. ആൻ്റണി വാലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആർച്ച്ബിഷപ്‌സ് ഹൗസിൽ നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
അതിരൂപതയ്ക്ക് സഹായമെത്രാനെ അനുവദിക്കണമെന്ന തങ്ങളുടെ ആവശ്യം വത്തിക്കാൻ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മാർപാപ്പയ്ക്ക് നന്ദിയർപ്പിച്ച് നിയുക്ത സഹായ മെത്രാൻ ഫാദർ ആൻ്റണി വാലുങ്കൽ സംസാരിച്ചു. ബിഷപ്പുമാർ, മോൺസിഞ്ഞോർമാർ, വൈദികർ, സിസ്റ്റേഴ്‌സ്, അല്‍മായർ എന്നിവർ സന്നിഹിതരായിരുന്നു.
എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി കെ ജെ ഷൈനും, യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്കയിൽ നടത്തും. 1969 ജൂലായ് 26 ന് എരൂർ സെൻ്റ് ജോർജ് ഇടവകയിൽ ജനിച്ച ഫാദർ ആൻ്റണി വാലുങ്കൽ 1984 ജൂൺ 17 നാണ് സെമിനാരിയിൽ ചേർന്നു. ആലുവ കാർമ്മൽഗിരി സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി.