കേരളം

kerala

ETV Bharat / state

സ്‌കൂള്‍ പ്രായപരിധിയില്‍ കേന്ദ്രത്തെ തള്ളി കേരളം; സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായപരിധി ആറു വയസ് ആക്കണമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കേരളം. പ്രായപരിധി കൂട്ടൽ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി

V Shivankutty  Minimam Age for School Admission  സ്‌കൂള്‍ പ്രായപരിധി  വി ശിവൻകുട്ടി  SSLC Exam
V Shivankutty on Minimam Age for School Admission

By ETV Bharat Kerala Team

Published : Feb 28, 2024, 7:07 PM IST

തിരുവനന്തപുരം: ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായപരിധി ആറു വയസ്സ് ആക്കണം എന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരള സർക്കാർ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ് തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്രായപരിധിയിൽ മാറ്റമുണ്ടായാൽ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു. എസ്എസ്എൽസി, ഹയർസെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു (V Shivankutty on Minimam Age for School Admission).

അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസ് എന്നത് കർശനമായി നടപ്പിലാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. മുൻ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് വീണ്ടും കത്തയച്ചുകൊണ്ട് കേന്ദ്രം നിലപാട് കടുപ്പിച്ചത്.

എന്നാൽ നിർദ്ദേശം നടപ്പിലാക്കാനാകില്ലെന്ന മുൻ നിലപാട് സംസ്ഥാനം ഇപ്പോഴും ആവർത്തിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ ക്രമത്തിൽ അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്‌തരാകും എന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

പ്രവേശന മാർഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനുള്ള നിർദ്ദേശം കൂടി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെ പല സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളും അവ നടപ്പിലാക്കി പ്രായപരിധി ഉയർത്തിയിരുന്നു.

പരീക്ഷ ഒരുക്കങ്ങൾ പൂര്‍ത്തിയായി: എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 4,27,105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി അറിയിച്ചു. ഹയർ സെക്കന്‍ഡറി തലത്തിൽ 4,14,151 പേര്‍ പ്ലസ് വണ്ണിലും, 4,41,213 പേര്‍ പ്ലസ്‌ടുവിലും പരീക്ഷ എഴുതുന്നുണ്ട്.

പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ് വിതരണവും പൂർത്തീകരിച്ചു. ഓരോ പരീക്ഷ കേന്ദ്രത്തിലും ആവശ്യമായ ഇൻവിജിലേറ്റർമാരുടെ നിയമനം ഇന്ന്
പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷ നടപടികൾ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വകുപ്പ് തലത്തിൽ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകൾക്ക് രൂപം നൽകി. എസ്എസ്എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.

ചോദ്യപ്പേപ്പർ ക്രമീകരണം പൂർത്തിയാക്കി നാളെ ട്രഷറികളിൽ എത്തിക്കും. ചോദ്യപ്പേപ്പർ വിതരണം അന്തിമഘട്ടത്തിലാണ്. ഹയർ സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം 2024 ഏപ്രിൽ 1 മുതൽ ആരംഭിക്കും. ഇതിനായി ഇരുപത്തിയാറായിരത്തിൽ അധികം അധ്യാപകരുടെ സേവനവും ആവശ്യമാണെന്നും, 2024 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷകളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.

Also Read: പരീക്ഷ സമ്മർദ്ദം ബുദ്ധിമുട്ടാണോ, സൗജന്യ കൗൺസിലിങ് സഹായത്തിന് "വീ ഹെൽപ് " ഉണ്ട്

വിദ്യാർഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്‍റെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കിയിട്ടുണ്ടെന്നും, സ്‌കൂളുകളിൽ ചോദ്യപ്പേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാച്ച്മാനെ നിയോഗിക്കുന്നതിനും, സിസിടിവി ക്യാമറ, ഡബിൾ ലോക്ക് സംവിധാനം, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കും അസിസ്‌റ്റന്‍റ് ഡയറക്‌ടർമാർക്കും നൽകിയിട്ടുണ്ടെന്നും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം, ഇൻവിജിലേറ്റര്‍ നിയമനം എന്നിവ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാതല പരീക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details